2012, സെപ്റ്റംബർ 13, വ്യാഴാഴ്‌ച

പൂവന്‍


പൂവന്‍
---------------
പൂവന്‍
പ്രഭാതത്തെ കൂവിയുണര്‍ത്തുന്നത്
പ്രതിഷേധത്തിന്റെ കരുത്തറിയിക്കാനാണ്
കൂടടച്ചു നീയോരുക്കിയ
തടങ്കല്‍ പാളയത്തോടുള്ള
അണപൊട്ടിയ രോഷത്തിന്റെ
തിളച്ചു മറിയുന്ന പടപ്പാട്ടാണത്  

പൂവന്‍
പ്രഭാതത്തില്‍ വിളിച്ചുപറയുന്നത്‌
പ്രൌഡിയുടെ പൈതൃകവും
പുകള്‍പെറ്റ പൌരുഷവും മാത്രമല്ല
പ്രഭാതത്തിന്‍റെ വരവേല്‍പ്പും
പ്രതീക്ഷയുടെ പ്രവചനവും
പൂവന്‍റെ പ്രഭാത പ്രഭാഷണമാണ്‌

പൂവന്‍
ജീവിതത്തോട് കൂവിപ്പറയുന്നത്
വംശ വര്‍ധനവിന്റെ വേവലാതിയില്ലാതെ
വിളയാട്ടത്തിന്‍റെ ആത്മ സുഖമാണ്
ഒഴിഞ്ഞ വയറോടെ വന്ന്
നിറഞ്ഞ വയറിന്‍റെ  തൃപ്തിയില്‍
ഇണയെ വട്ടം ചുറ്റി വലവീശുന്ന
കരുത്തിന്‍റെ കൌശലമാണത്

പൂവന്‍
ജീവിതത്തിന്‍റെ കൂവലടക്കുന്നത്
ആര്‍ത്തിയുടെ കത്തിക്ക് മുന്നില്‍
നിന്‍റെ അതിരില്ലാത്ത ആസക്തിയുടെ
നശ്വരത ഓര്‍മിപ്പിച്ചു കൊണ്ടാണ്

നാഥനില്ലാ പിടകളുടെ
പ്രതിഷേധമില്ലാത്ത ജീവിതത്തെ
പൂവനോ പിടയോ ലാഭമെന്ന്
ഹരിച്ചും ഗുണിച്ചും കണക്കു കൂട്ടുന്ന
നിന്‍റെ ഇഴ യുടഞ്ഞ ജീവിതവുമായി
ഇഴചേര്‍ത്തു കൊണ്ടാണ്.......

2012, സെപ്റ്റംബർ 11, ചൊവ്വാഴ്ച

കൂടം കുളം

തെളിഞ്ഞ ആകാശവും 
നിറംകെടാത്ത മണ്ണു മുള്ള 
'കൂടംകുള'ത്തിന്‍റെ ഭൂമികയില്‍ 
ആര്‍ത്തു കരയുന്ന കുഞ്ഞുങ്ങളും 
കണ്ണുണങ്ങാത്ത പെണ്ണുങ്ങളും 
വിലാപത്തിന്‍റെ മതിലുപണിതത് 
വില്‍ക്കപ്പെടുന്നെന്ന തിരിച്ചറിവിലാണ് 

നിറഞ്ഞ ജലാശയങ്ങളും 
നനവുണങ്ങാത്ത വയലുമുള്ള 
കൂടം കുളത്തെ ആണ്‍കുട്ടികള്‍ 
പ്രതിഷേധത്തിന്‍റെ പടയൊരുക്കിയത് 
കടം വാങ്ങിയ അടുപ്പൊരുക്കി 
പുകയുന്ന ഹീലിയം ചേര്‍ത്ത് 
ഇടവേളയില്ലാതെ വേവിച്ചെടുക്കുന്നത് 
'കൂടംകുള'ത്തെ അടിമേല്‍ മറിക്കുന്ന 
'കാളകൂട' വിഷമാണെന്ന 
അറിവിന്‍റെ പിന്ബലത്തിലാണ് 

ചെര്‍ണോബില്‍ ദുരന്തത്തിന്‍റെ 
ഒടുങ്ങാത്ത വിലാപങ്ങളും 
ഫുക്കൂഷിമ യുടെ സുരക്ഷയില്‍ 
വെന്തൊടുങ്ങിയ ഭ്രൂണങ്ങളും 
വരാനിരിക്കുന്ന കുരുതിയുടെ 
നിറം കെടാത്ത മുന്നറിയിപ്പാണെന്ന 
'ഊര്‍ജ പ്രതിസന്ധി'കളില്ലാത്ത 
വെറും വറ്റു തിന്നുന്ന മനുഷ്യരുടെ 
കരുത്തുള്ള കാഴ്ചപ്പാടുകളാണ് 

ഊര്‍ജം ചോര്‍ന്നു പോയിട്ടും 
ഉശിരടങ്ങാത്ത വൃദ്ധന്മാര്‍ക്ക് 
'റഷ്യന്‍ ധാതുപുഷ്ടി'യുടെ കൂട്ടിക്കൊടുപ്പ് 
'ഊര്‍ജ'ത്തിന്റെ അവസാന വാക്കും 
ഉശിരിന്‍റെ ഒടുങ്ങാത്ത തുടിപ്പുമാണെങ്കിലും 
വരിയുടക്കപ്പെടാത്ത യുവത്വത്തിനും 
വില്‍ക്കപ്പെടാത്ത പോരാളികള്‍ക്കും 
ഉശിരേകുന്ന ഊര്‍ജ ത്തുടിപ്പ് 
വിഷം വിതറാത്ത വായുവും 
വിള യുണങ്ങാത്ത വയലുകളുമാണ് 


2012, സെപ്റ്റംബർ 8, ശനിയാഴ്‌ച

അവര്‍ വരുന്നുണ്ട്..........!!


അവര്‍ വരുന്നുണ്ട്..........
തെളിനീര്‍തടങ്ങളില്‍ ഇടിമുഴക്കം തീര്‍ത്ത്‌
നീ വളര്‍ത്തുന്ന നാട്ടു മീനുകളെ
കൂട്ടത്തോടെ തിന്നു തീര്‍ക്കാന്‍
പ്രാ പിടിയന്‍ പരുന്തുകള്‍
ചിറകില്‍ തെളിനീല ചായം പൂശി...
ചുണ്ടില്‍ പുഞ്ചിരി പൊതിഞ്ഞ്...
അവര്‍ വരുന്നുണ്ട്..........

നിന്റെ വീട്ടകങ്ങളെ
രതിയുടെ മേളപ്പുരകളാക്കാന്‍..
നീ കാത്ത നിന്‍റെ പെണ്ണിനെ
'വിനോദ'ത്തിന്റെ വിരിപ്പാക്കാന്‍
അധിനിവേശത്തിന്‍റെ കമ്പനികള്‍
ഈസ്റ്റെന്നോ വെസ്റ്റെന്നോ
അതിരടയാളം പറയാതെ
അവര്‍ വരുന്നുണ്ട്.........

നീ നടക്കാന്‍ പഠിച്ച
നിന്‍റെ നാട്ടുവഴികളില്‍
വികസനത്തിന്‍റെ 'വിലങ്ങുതടി'പണിത്
നിന്റെ ചോരയും വിയര്‍പ്പും
ഊറ്റി ക്കറന്നെടുക്കാന്‍
ആര്‍ത്തിയുടെ കൂട്ടുകാര്‍ക്കൊപ്പം
ഇരുണ്ട വഴികളിലൂടെ
അവര്‍ വരുന്നുണ്ട്........

നിന്റെ കുഞ്ഞുറങ്ങുന്ന
താരാട്ടിന്‍റെ തുണിത്തൊട്ടിലും
ഓര്‍മയുടെ നനവുണങ്ങാത്ത
അമ്മയുടെ അസ്ഥിത്തറയും തകര്‍ത്ത്
കുതിപ്പിന്‍റെ പെരുമ്പാത തീര്‍ക്കാന്‍
പുരോഗതിയുടെ മന്ത്രം ചൊല്ലി
കുടിയിറക്കലിന്‍റെ തന്ത്രം പയറ്റി
കൂട്ടുകച്ചവടത്തിന്റെ കുതന്ത്രവുമായി
അവര്‍ വരുന്നുണ്ട്..........

കടല്‍ കിഴവന്മാര്‍ക്ക്‌ കുടികിടപ്പേകി
ചുടു യൌവ്വനത്തെ പടിയടച്ച്‌
നയവന്ജനകളുടെ പാഠം തുറന്ന്
സമരങ്ങളുടെ മുനയൊടിക്കാന്‍....
സമരസപ്പെടലിന്‍റെ സൂത്രം പറഞ്ഞ്
നിന്‍റെ യുവതയെ മാനം കെടുത്താന്‍ ..
അവര്‍ വരുന്നുണ്ട്.........

2012, സെപ്റ്റംബർ 5, ബുധനാഴ്‌ച

എമെര്‍ജിംഗ് തറവാട്

എമെര്‍ജിംഗ് തറവാട് 
---------------------------------
ചിതലും പെരുച്ചാഴിയും 
ഊഴമിട്ട്‌ തിന്നു തീര്‍ത്തിട്ടും 
ദൈവങ്ങള്‍ കുടികിടപ്പാക്കിയ 
വണിക്കു കളുടെ തറവാട്ടില്‍ 
വിലകിട്ടാതെ ബാക്കി വെച്ച 
അസ്ഥിത്തറയും വിറ്റൊഴിക്കാനാണ് 
'എമെര്‍ജിംഗ് തറവാടെ'ന്നു 
പുരപ്പുറത്തൊരു ബോര്‍ഡ് വച്ചത്

മച്ചിലുറങ്ങുന്ന ഭഗവതിക്കും 
അസ്ഥിത്തറയുടെ പൈതൃകക്കഥകള്‍ക്കും 
മോഹ വിലയുന്ടെന്നറിഞ്ഞു തന്നെയാണ് 
ആംഗലേയം പൂശിയ പരസ്യ വാചകം 
അപ്പൂപ്പന്‍റെ മുഷിഞ്ഞു കീറിയ 
പട്ടു കോണകത്തില്‍ പകര്‍ത്തിവെച്ചത് 
സായിപ്പിന്‍റെ വീട്ടകത്തെത്തിച്ചാല്‍ 
നാറുന്ന കോണക ത്തിനും കിട്ടും 
നാല്പതു വെള്ളിക്കാശ്........

ആംഗലേയ പ്പെരുമയില്‍ ആര്‍ത്തു ഘോഷിച്ച 
വണിക്കിന്‍റെ 'എമെര്‍ജിങ്ങി'ല്‍ കണ്ണ് വെച്ചവര്‍ 
കണ്ണും കരുതലും കൊളുത്തിയിട്ടത് 
തറവാടിന്‍റെ മധ്യ സൂത്രത്തില്‍ തന്നെയാണ് 
തട്ടും തടവുമില്ലാ കഴുക്കൊലിളക്കി 
തകിടും തന്ത്രവും സമം ചേര്‍ത്തു കെട്ടി 
താലത്തിലിത്തിരി തൈലവും കാച്ചി 
തുണി യുരിഞ്ഞിറങ്ങിയ പെണ്ണിനെക്കാട്ടി 
തന്ജത്തിലൊരു റിസോര്‍ട്ട് പണിയാം 

പട്ടിണി തിന്നുറങ്ങാതിരിക്കുന്ന 
മച്ചിചിലിരിക്കുന്ന പെരുച്ചാഴികള്‍ക്കു 
കെന്‍റകി ചിക്കനും കൊലയും നല്‍കി 
ഉദ്യാന പ്പുരയുടെ ഉമ്മറപ്പടിയില്‍ 
കൂട്ടിക്കൊടുപ്പിന്‍റെ ജോലി നല്‍കാം 
വെര്‍ജിന്‍ വനാവശിഷ്ടങ്ങളെ  എമെര്‍ജിംഗ് മരുപ്പറമ്പാക്കി 
എനര്‍ജി ചോര്‍ന്ന കടല്‍ കിഴവന്മാര്‍ക്ക്‌ 
വിറ്റുതിന്ന കൃഷിപ്പറമ്പുകളുടെ 
സര്‍വേ കല്ലില്‍ അപ്പിയിട്ട് 
'വികസന'ത്തിന്‍റെ അടയാളം കുറിക്കാം 

വില്‍ക്കാനറിയുന്നവന്‍റെ വിരുത് 
'എമെര്‍ജിംഗ്'അഥവാ വിളിച്ചു പറയലാണ് 
വാങ്ങാന്‍ വരുന്നവന്‍റെ സൂത്രം 
വിലയിടിക്കാനുള്ള വിലപേശലാണ് 
കൂട്ടിക്കൊടുപ്പിന്‍റെ തന്ത്രം 
വില്‍പ്പനയുടെ ന്യായം ചമക്കലാണ്
വില്‍ക്കപ്പെടുന്നവരുടെ കടമയും 
എമെര്‍ജിംഗ് അഥവാ ഒച്ചവെക്കല്‍ തന്നെയാണ് 
ഒച്ചവെക്കുക - ഒളിച്ചോടാതെ 
ഓര്‍ത്തിരിക്കുക - ഒളിച്ചിരിക്കാതെ 
വിളിച്ചു പറയുക - വില്‍ക്കപ്പെടുന്നെന്ന്...