2012, ഒക്‌ടോബർ 4, വ്യാഴാഴ്‌ച

പണം കായ്ക്കുന്ന പൂമരം

പണം കായ്ക്കുന്ന പൂമരം
പടിഞ്ഞാറിന്റെ പതാക വീശി
ബ്രാന്റഡ് പൂക്കളുടെ വസന്തംവിതറി
പാഞ്ഞും പറന്നും വരുന്നുണ്ട്
വിത്തും വിതയുമില്ലാതെ
നിന്‍റെ ചോരയില്‍ വേരാഴ്ത്തി
പടര്‍ന്നും പരന്നും തളിര്‍ത്തു പൂക്കുന്ന
പണം കായ്ക്കുന്ന പൂമരം

കോരന്‍റെ കഞ്ഞിയില്‍ ഇല വീഴ്ത്തിയും
'കുമ്പിളി'ന്‍റെ പേറ്റന്റില്‍ കണ്ണ് വെച്ചും
പല വര്‍ണ്ണ ശലഭങ്ങളെ കുടിയിറക്കിയും
നിന്‍റെ  വിയര്‍പ്പിന്റെ നനവൂറ്റാന്‍
അന്തക വിത്തിന്റെ വീര്യം ചുരത്തുന്ന
പണം കായ്ക്കുന്ന മരത്തില്‍
ഇലകള്‍ തളിര്‍ത്ത് വളരുന്നുണ്ട്

വാള്‍ മാര്‍ട്ടെന്ന് സസ്സ്യ ശാസ്ത്രജ്ഞരും
കൊടുവാളെന്നു നരവംശ ശാസ്ത്രജ്ഞരും
ശാസ്ത്ര നാമവും ഒമനപ്പേരും നല്‍കിയ
വിരുതില്‍ വേരിറക്കി വളം വലിക്കുന്ന
പരാദ വര്‍ഗത്തിലെ പണം കായ്ക്കുന്ന മരം
പട്ടിണിയില്‍ പത്തു വേരുകളാഴ്ത്തി
പടര്‍ന്നു വളരുമെന്നുറപ്പുണ്ട്




2012, ഒക്‌ടോബർ 2, ചൊവ്വാഴ്ച

അസ്തമിക്കാത്ത പകലുകള്‍..........


ഈ രാവിനെന്തൊരു നീളമാണ് 
നാളെ പകലൊന്നസ്തമിച്ചാല്‍ 
ഞാന്‍ മണ്ണ് വാരിക്കളിച്ച മുറ്റം 
എന്റെ കാലുകളില്‍ ഉമ്മവെക്കും 

വേവും വേവലാതിയും കടലോളമാഴത്തില്‍ 
കണ്ണീരായ് പെയ്തോഴുക്കിയ 
എന്റമ്മയുടെ നെറുകയില്‍ 
ഞാനൊരു മുത്തം പതിച്ചു നല്‍കും 
എന്നെ യോര്‍ത്ത് കനലെരിയുന്ന നെഞ്ഞില്‍ 
ഞാനെന്റെ ദുഃഖങ്ങള്‍ കരിച്ചു കളയും 

മുറ്റത്തിന്റെ മൂലയിലോരുക്കിയ 
കുഞ്ഞാമ്പല്‍ പൊയ്കയിലെ കുസൃതിക്കാരി 
കുഞ്ഞു പരലിനോടൊരു കിന്നാരം ചൊല്ലണം 

മഴ തേടുമ്പോഴെന്നപോലെ എന്നെക്കാത്ത്  
പേക്രോം .....പേക്രോം....കരയുന്ന 
പോക്കാചിത്തവളയുടെ കണ്ണില്‍നോക്കി 
സുവോളജി ലാബില്‍ നിന്നും രക്ഷിച്ചതിന്റെ 
നന്ദിയും സ്നേഹവും അളന്നറിയണം 

പിന്നാമ്പുറത്തെ അരുവിയും കുളവാഴയും 
കള്ളന്മാര്‍ കട്ടോണ്ട് പോയൊന്നു 
എനിക്കെന്റെ കണ്ണാല്‍ കണ്ടറിയണം....

ചാക്കോച്ചന്റെ മോന്‍ നട്ട കൊളാംമ്പിച്ചെടിക്ക് ചാരെ 
ഞാന്‍ നട്ട മുല്ലയുടെ മൊട്ടും പൂവും നുള്ളിയറുത്തു 
മുടിയില്‍ ചൂടി പത്രാസു കാട്ടുന്ന 
ചാക്കോച്ചന്റെ മരു മോളോട് 
എനിക്കൊരു സ്വകാര്യം പറയണം 

പിന്നെ 
നാളത്തെ സന്ധ്യയെ വെളിച്ചം പുതപ്പിക്കുന്ന 
എന്റെ ചന്ദ്രികയോടു 
ഇന്നത്തെ പകല് പോകാന്‍ വൈകിയതിന്റെ 
പരാതി പറയണം .......

ഒത്തിരി യൊത്തിരി ചെയ്യാനുണ്ട്....
ഒക്കെ നാളെത്തെ നിലാവ് കാത്തു 
തുള്ളിയും തുളുമ്പിയും 
എന്റെ ഉറക്കം കെടുത്തുകയാണ് 

യാത്രാമൊഴി


പിറന്ന മണ്ണും കൂട്ടായിരുന്നവരും 
പിടിതരാതെ മാറിപ്പോയിരിക്കുന്നു
വെട്ടിമാറ്റിയ ശിഖരങ്ങളും 
ചൂഴ്ന്നെടുത്ത വേരുകളും കണക്കെ 

വില്‍പനയുടെയും വിലപേശലിന്റെയും
കരുണ വറ്റിയ കമ്പോളങ്ങളില്‍ 
ബന്ധങ്ങളുടെ വില 
കുത്തനെ ഇടിഞ്ഞു പോയിരിക്കുന്നു

എന്നാലും 
എനിക്ക് പോവാതിരിക്കാനാവില്ല 
പച്ചയുണങ്ങാതെ ബാക്കി നില്‍ക്കുമ്പോഴും 
ഉണങ്ങാന്‍ വെമ്പുന്ന 
താഴ് ത്തടിയിലൊന്നു കെട്ടിപ്പിടിക്കണം 

ദുഃഖ:ങ്ങളും വേദനകളും കെട്ടിനില്‍ക്കുന്ന -
കെട്ടു ഭാണ്ടങ്ങളും നിറം കേട്ട സ്വപ്നങ്ങളും 
അടിഞ്ഞു കൂടി ചെളി പരത്തിയ 
എന്റെ കണ്ണുകളില്‍ ഒളിഞ്ഞിരിക്കുന്ന 
ഈ അണക്കെട്ടൊന്നു തുറന്നു വിടണം 

ഇനിയും വറ്റിയടയാത്ത 
തെളിനീരുറവകളില്‍ നിന്നും ഇറ്റിറ്റുവീഴുന്ന 
കലര്‍പ്പില്ലാത്ത വാക്കുകള്‍ ഒരുക്കൂട്ടി വെച്ച് 
ചേറും ചെളിയുമില്ലാത്ത 
സ്വപ്നങ്ങള്‍ തിരതല്ലിച്ചിരിക്കുന്ന
പുത്തനൊരണക്കെട്ട് പണിയണം 

നാളെ... ഒക്ടോബാറിന്റെ മൂന്നാം നാളില്‍ 
എന്റെ വേരുകളിലെക്കുള്ള യാത്രയാണ് 
ഒന്നരമാസത്തെ വഴിദൂരം പിന്നിട്ട്‌
തിരിച്ചീ നന്മയുടെ കൂട്ടായ്മയിലേക്ക് 
പുതിയ സ്വപ്നങ്ങളും പേറി 
വരാതിരിക്കാനെനിക്കാവില്ല 

അത് വരേയ്ക്കും വിടതരിക 
ഈ ശല്ല്യം തീര്‍ക്കുന്ന വ്യവഹാരിക്ക്, 
ചൊറിഞ്ഞും, പ്രകോപിപ്പിച്ചും 
പലര്‍ക്കും ശല്യ മായിട്ടുണ്ട് 
ക്ഷമിക്കണം, പൊറുക്കണം, 
എന്ന് മാത്രം പറഞ്ഞു കൊണ്ട്...
പോയി വരാം....... 

. സ്നേഹത്തിന്റെ പൂമരം 
. നാന്‍സി