2012, ജൂലൈ 21, ശനിയാഴ്‌ച

സിറിഞ്ചുകള്‍

സിറിഞ്ചുകള്‍
ആര്‍ത്തു കരഞ്ഞത്
കുഞ്ഞിന്റെ നിലവിളി കേട്ടല്ല
വരാനിരിക്കുന്ന ആര്‍ത്തനാദം
കുത്തിവെച്ചത്‌ തങ്ങളാണെന്ന
സങ്കടം കൊണ്ടാണ്

സിറിഞ്ചുകള്‍
നുഴഞ്ഞു കേറുന്നത്
രോഗങ്ങള്‍ ശമിപ്പിക്കാനല്ല
"മാറ്റി"പ്പണിയാനാണ്
ആടിനെ പട്ടിക്കൂട്ടിലും
പട്ടിയെ പേപ്പട്ടിയുടെ ചങ്ങലയിലും
മാറ്റി ക്കെട്ടാന്‍

സിറിഞ്ചുകള്‍
നാണിച്ചുപോയത്
വൃദ്ധയുടെ ചുളിഞ്ഞ നഗ്നത കണ്ടിട്ടല്ല
ഒന്നിനെയും ഭേദമാക്കാനാവാതെ
പറിച്ചെറിഞ്ഞ സൂചി പെറുക്കാനെത്തിയ
കുഞ്ഞിന്റെ വിശന്ന വയറു കണ്ടിട്ടായിരുന്നു

സിറിഞ്ചുകള്‍
ശരിക്കും തോറ്റുപോയത്
ചീര്‍ത്ത ശരീരങ്ങളില്‍
ഞരമ്പ്‌ പരതുമ്പോഴല്ല
മരുന്ന് കമ്പനിക്കാരന്റെ
ആര്‍ത്തിക്കു മുന്നിലാണ്

സിറിഞ്ചുകള്‍
വേദനിപ്പിക്കാനുള്ളതാണ്
കുത്തി ത്തുളക്കുമ്പോള്‍ മാത്രമല്ല
പറിച്ചെറിഞ്ഞാലും നാളെ
നാളെ മറ്റൊരു രോഗം കുടിച്ചു വന്ന്
അവ നമ്മെ വേദനിപ്പിച്ചു കൊണ്ടിരിക്കും
രോഗങ്ങള്‍ "മാറ്റാന്‍ " വേണ്ടി .....
"

"വണ്‍......... ടൂ...... ത്രീ.........

"
വണ്‍......... ടൂ...... ത്രീ.........
-----------------------------
വണ്‍........
------------
പൃഷ്ടം താങ്ങി മിണ്ടാതിരിക്കുക
ഉത്തരം താങ്ങുന്ന പല്ലിയുടെ കീഴ്വായു
സൂക്ഷ്മ വാസനയില്‍ സുഗന്ധ മെന്നു വാഴ്ത്തുക
കുപ്പത്തൊട്ടിക്കു മീതെക്കേറി
ഇഷ്ട്ടപെട്ടെന്നു ആര്‍ത്തു വിളിക്കുക
ഭ്രഷ്ട് കിട്ടാതെ ഗ്രൂപ്പ് കളിക്കാം
(ഗ്രൂപിലിരിക്കാം എന്നത് മറുവായന )
-------------------------
ടൂ............
-----------
ഉത്തരം മുട്ടുമ്പോള്‍ ആഞ്ഞു വെട്ടുക
ഉത്രാട പ്പാച്ചിലില്‍ കുടല് മാന്തി
കണ്ടാലും കൊണ്ടാലും മിണ്ടാതിരിക്കുക
വരണ്ട തത്വങ്ങളുടെ പാണ പ്പാട്ട്
നീട്ടിപ്പാടുന്ന തത്തമ്മ യാവുക
വെട്ടും വെടിയുമേല്‍ക്കാത്ത ദാര്‍ശനികനാവാം
--------------------------------
ത്രീ..........
-------------
ഉച്ചവെളിച്ചത്തില്‍ വിപ്ലവംഉണക്കാനിടുക
അന്തിയിരുട്ടിയാല്‍ ഉണങ്ങിയ പൈതൃകത്തില്‍
മുളക് വെള്ളം തെളിച്ചു വില്‍ക്കാനിറങ്ങുക
മൂര്‍ച്ചകൂട്ടി "പൈതൃകം"പൂശിയ വാള്‍ തലം
മുഖത്തു വെട്ടി പഴുപ്പിചെടുക്കുക
ചവിട്ടി ക്കൊന്നെന്നു ദോഷം പറയില്ല
"

ഒളിപ്പോര്


യുദ്ധങ്ങളില്‍ എനിക്കിഷ്ടം
ഒളിയുദ്ധമാണ്
നെഞ്ചിലൊട്ടിച്ചു ചന്തം വരുത്തിയ
പേരും ചോരയുടെ പെരുമയും
ഒളിപ്പോരാളികള്‍ക്ക് ഒരശ്ലീലമാണ്

കൊലയുടെ എണ്ണം പറയുന്ന മെഡലാട്ടങ്ങളും
അഹന്തയുടെ അതിര് ചൂണ്ടുന്ന
ചതുര്‍ വര്‍ണ്ണ പ്പെരുപ്പങ്ങളും
സര്‍ക്കാര്‍ പോരാളിക്ക് ആത്മബലമാണെങ്കിലും ...!!

ഒളിപ്പോര് ഒരൊളിചോട്ടമല്ല
പെരുമ തെടാത്തവരുടെ
ആത്മ ബലിയാണത്
പുറം പൊക്കിലെറിയപ്പെട്ടവര്‍ക്ക്
ഒരാശ്വാസവും......
"

പനിക്കാഴ്ച....


പനിക്കാഴ്ച....
---------------
പനിച്ചു വിറച്ച നഗരക്കാഴ്ചയില്‍
വിറച്ചു പനിച്ച ഭരണക്കൂട്ടം
പനിയുദ്ധത്തില്‍ പട്ടാളത്തിനു
പീരങ്കി നിറയെ പനി ഗുളിക

പച്ചമരുന്നില്‍ പനിയെ പുകച്ച
കാട്ടു മൂപ്പന്റെ പനി മാറ്റാന്‍
പനിയില്‍ ചീര്‍ത്ത മരുന്ന് കമ്പനിക്കു
പോലീസ് കാവലില്‍ നായാട്ട്‌

മൂപ്പനും തള്ളക്കും പനിഗുളിക
മൂപ്പന്റെ മോനൊരു മയക്കു വെടി
മുഴുപ്പ് കാട്ടിയ മോള്‍ക്കും കിട്ടി
ഉറയിലിട്ട പ്രതിരോധം

ഊരിന്റെ പഞ്ഞം മാറ്റി
പനി ഗുളിക പടിയിറങ്ങുമ്പോള്‍
അടുക്കള വാതിലില്‍ ഓക്കാനം
മുറ്റം നിറയെ നിറംകെട്ട കുഞ്ഞുങ്ങള്‍
"

വിലാസം


ഭൂതകാലത്തിന്റെ ശേഷിപ്പും
വര്‍ത്തമാനത്തിന്റെ അഹങ്കാരവും
പട്ടു കോണകത്തില്‍ പകര്‍ത്തിവെച്ച
ഭേദപ്പെട്ട പൈതൃകത്തിന്റെ
തറവാട്ടു പേര്
ഭാരപ്പെട്ട വിലാസങ്ങളില്‍
ചേര്‍ത്തിവേക്കുക
പകര്‍ത്താന്‍
അക്ഷരങ്ങളുടെ കൂട്ടല്ല വേണ്ടത്
പറയാനൊരു പേരും
സ്തുതി പാടാനൊരു നാവും
കൂട്ടായിക്കരുത്തുക
ഇല്ലേല്‍ നീയൊരു കളങ്ക മാണ്
പുതു ഭാഷയില്‍ നീയൊരു ഫൈക്കാണ്
"

"ഭൂമിക്കു പറയാനുള്ളത് ....

"
ഭൂമിക്കു പറയാനുള്ളത് ....
("മഹി" എന്ന കുട്ടിയെ കുഴല്‍ കിണറില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ സമൂഹത്തോട് )
--------------------------
ഉള്ളില്‍ തളിര്‍ക്കുന്ന
ജീവന്റെ ദാഹംതീര്‍ക്കാന്‍
ഞാന്‍ ഒളിപ്പിച്ച നീരും നനവും
ആര്‍ത്തി മൂത്ത യന്ത്രക്കയ്യാല്‍
എന്റെ പൊക്കിള്‍ തുരന്ന്
ഊറ്റി യെടുത്തപ്പോഴില്ലാത്ത
നിന്റെ വേദന ,

എന്റെ ചോര നിന്റെ ധൂര്‍ത്തിനു
തികയാതെ വന്നപ്പോള്‍
തുരന്ന് താഴ്ത്തിയ മുറിവില്‍
ഇത്തിരി പഞ്ഞിപോലും വെക്കാതെ
തിരിഞ്ഞു നടന്നപ്പോഴില്ലാത്ത കനിവ് ,

ഇപ്പോള്‍ നീ പുലമ്പുന്ന വായ്ത്താരികള്‍
"മഹി" യോടുള്ള സ്നേഹമല്ല
നിന്റെ ആര്‍ത്തി മൂടിവെക്കാനുള്ള
വെറും കാപട്യമാണ്
നിന്റെ ദുര യൊളിപ്പിക്കാനുള്ള
പുതിയ 'കുഴല്‍ കിണര്‍ '

നീ തുരന്ന ആര്‍ത്തിയുടെ
കുഴിയിലാണവള്‍ വീണത്
നീ കുടിച്ച ഇളം കുഞ്ഞിന്റെ
ചോരയാണവള്‍ വാര്‍ത്തത്
ഇനിയും ബാക്കി നില്‍ക്കുന്ന
നിന്റെ ആര്‍ത്തി പേടിച്ചാണവള്‍
ജീവനും കൊണ്ടോടി യൊളിച്ചത്
"

കലാപം


കലാപം
----------------
കലാപം ഒരു കവിതയാണ്...
കണിശ ചട്ടങ്ങളറിയാത്ത
കഠിന വൃത്തങ്ങളില്ലാത്ത
കുത്തഴിഞ്ഞ ജീവിതം പോലെ
കലിയടങ്ങാതെ പാടുന്ന കവിത

കത്തുന്ന കണ്ണുകളില്‍
കരയുന്ന സത്യങ്ങളെ
കുടിയിരുത്തി പ്പായുന്ന
കനലും കാറ്റു മടങ്ങാത്ത
കലഹം നിറഞ്ഞ കവിത

പൊരിയുന്ന വിശപ്പിനൊപ്പം
കുടല് കരിയുന്ന മണം രുചിച്ച്‌
പുകയുന്ന കിനാക്കളെ
കനലില്‍ പകര്‍ത്തി
പതച്ചു പൊങ്ങുന്ന കവിത

തെരുവിന്റെ മണം പഠിച്ച്
തിന്മയുടെ പടം പുതച്ച്
തീരാത്ത പക വിതച്ച്
തോരാത്ത കണ്ണീരുതിര്‍ക്കുന്ന
ഉത്തരാധുനിക കവിത
"

മൌനം ....



നീ കുടി പാര്‍ക്കുന്ന മൌനം ....
ഭീരുവിന്റെ ഒളിത്താവളമാണ്
കഴിവ് കേടിന്റെ കൈ മലര്ത്തല്‍
കാര്യ പ്രാപ്തിയില്ലാത്തവന്റെ നിസ്സഹായത
ശത്രു വൊരുക്കിയ കുരുക്കില്‍ കുടുങ്ങി
കരയാന്‍ കഴിയാത്തവന്റെ മൌനം

വെട്ടി വീഴ്ത്തിയ സത്യങ്ങള്‍ക്ക് മുന്‍പില്‍
വെടി വെച്ചോതുക്കിയ 'വിപ്ലവം' കണ്ട്
ചവിട്ടി ത്താഴ്ത്തിയ ധര്‍മത്തിനരികെ
നീ പാലിച്ച മൌനം ....
നിന്നിലൊളിപ്പിച്ച ചെളിക്കുണ്ടായിരുന്നു

വിശന്ന കുഞ്ഞിന്റെ തേങ്ങലറിഞ്ഞിട്ട്‌
വിടര്‍ന്ന പെണ്ണിന്റെ രോദനം കേട്ടിട്ട്
വിലാസ മില്ലാത്തവരുടെ വേദന കണ്ടിട്ടും
നീ സൂക്ഷിച്ച മൌനം ......
നീ ഒളിപ്പിച്ച കാപട്യ മായിരുന്നു

ശത്രുവിന്റെ ശബ്ദ ഘോഷം കേട്ട്
ശതാബ്ദങ്ങളുടെ ചരിത്രം മറന്ന്
ശബ്ദ മില്ലാത്തവന്റെ വേദനയറിയാതെ
നിന്നെ ഒളിപ്പിച്ച മൌനം ...........
നിനക്കായി പ്പണിത ശവക്കുഴിയായിരുന്നു

അധിനിവേശം വിരിച്ച വലക്കു മുന്‍പില്‍
ആരാച്ചാറൊരുക്കിയ കുരുക്കിനടിയില്‍
അര്‍ത്ഥ മറിയാത്ത ഭക്തി ഗീതംകേട്ട്
ആചാരം തെറ്റാതെ നീ കാത്ത മൌനം ......
നീ പേറുന്ന അടിമത്വമായിരുന്നു

ഇനിയെങ്കിലും നീ ഒച്ച വെക്കുക
ഒതുക്ക പ്പെടുന്നവര്‍ക്ക് വേണ്ടി
ഇന്നെങ്കിലും നീ ഓര്‍മ പ്പെടുത്തുക
ഒടുങ്ങി ത്തീരാത്തവര്‍ക്ക് വേണ്ടി
ഇനിയെങ്കിലും നീ ഓര്‍ത്തു വെക്കുക
ഒളിക്കാന്‍ ഇടമില്ലാത്ത നാടും
ഓടാന്‍ വഴിയില്ലാത്ത നാളും.........
"

"ഭയം....................



ഭയമായിരുന്നു., കൂടെയുള്ളവരെ -
ഭയപ്പെടുത്തുന്ന ഭയമായിരുന്നു
ഭയം കൊണ്ടാണവന്‍ പൂട്ട്‌ പണിഞ്ഞത്
ഭയത്താലാണവന്‍ ഉറക്കം കളഞ്ഞത്
ഭയത്തിലാണവന്‍ 'കൂട്ടം' തീര്‍ത്തത്
ഭയന്നിട്ടാണവന്‍ പടിപ്പുര യടച്ചത്

അക്ഷരം വായിച്ച് അമിട്ടെന്നു വാദിച്ചു
ആശയം കണ്ടിട്ട് അകം വെന്തു പേടിച്ചു
അച്ഛന്റെ നെഞ്ചില്‍ വിലാസം പതിച്ചതും
അമ്മിഞ്ഞപ്പാലില്‍ അണുക്കളെ തിരഞ്ഞതും
അനിയത്തിപ്രാവിനെ 'ഫെയ്ക്കെന്നു'വിളിച്ചതും
അളവ് തെറ്റിത്തെറിച്ച ഭയം കൊണ്ടായിരുന്നു

ഇടിമുഴക്കങ്ങള്‍ മാത്രമല്ല ............
ഇല യനക്കങ്ങളും ഇറ യിളക്കങ്ങളും
ഇരുട്ടിലില്ലാ കരിമ്പൂച്ച യായി
ഇഴ യടുപ്പങ്ങളും ഇഷ്ട്ട മന്ത്രങ്ങളും
ഇടനെഞ്ചുരുക്കും പെരും പേടിയായി
ഇളം നീലക്കുറിഞ്ഞി പ്പൂക്കളെ കണ്ടിട്ട്
ഇരുകയ്യുയര്‍ത്തി കരഞ്ഞതും ഭീതിയാല്‍

തണല് കാത്തത് വെയില് പേടിച്ച്
തളിര രിഞ്ഞത് കുളിര് പേടിച്ച്
തള്ളിയിട്ടതും തോറ്റം പറഞ്ഞതും
തോണ്ടി ചൊറിഞ്ഞതും തോല്‍വി പേടിച്ച്

ഒരു ഭീരുവാണ് നീ........
ഒളിപ്പേര് വായിച്ച് ഉള്ളം പിടഞ്ഞവന്‍
ഒളിപ്പോരു കണ്ടിട്ട് ഉടു തുണി നനച്ചവന്‍
ഒട്ടത്തിനിടയിലും ഓര്‍മയില്‍ കുറിക്കുക
ഒടിഞ്ഞാടുന്ന മരത്തിന്റെ തണല്
ഓടി വരുന്ന ദുര്‍ മരണമാണ്
ഒടിച്ച കമ്പുകള്‍ തളിര്‍ക്കുന്ന നാളില്‍
ഒളിച്ചിരിക്കാനൊരു മരപ്പൊത്ത് തേടുക
"

വിലാപത്തിന്റെ വിളകള്‍





വില്‍ക്കപ്പെട്ട വാക്കുകളാണ്
വിഷാദത്തിന്റെ വിത്തു പാകുന്നത്
വില കിട്ടാത്ത വിളകളാണ്
വിരോധത്തിന്റെ തീ പടര്‍ത്തുന്നത്
വിലാപത്തിന്റെ അഗ്നി ചിറകുകളാണ്
കലാപത്തിന്റെ കിനാവ്‌ കാണുന്നത്
വിലാപം കലാപത്തിന്റെ വിത്തും
കലാപം വിലാപത്തിന്റെ വിളയുമാണല്ലോ .....!!

ഒത്തു തീര്‍പ്പ് കരാറുകളില്‍
വാക്കു കളൊതുക്കപ്പെട്ടവന്റെ വിലാപം
വിളിച്ചു വരുത്തുന്ന വിനാശാമാണ്
വാക്കുകളുടെ പണയം കൊണ്ടും
വാതിലുകളുടെ വടപ്പൂട്ട്‌ കൊണ്ടും
തടയിടാനാവാത്ത വിനാശം ......

കസേരയുടെ കാലുറപ്പിക്കാനാണ്
വാക്കുകള്‍ക്കു നീ വില കുറച്ചത്
കൊട്ടാര മിരന്നു വാങ്ങാനാണ്
വിഷാദത്തെ നീ അവഗണിച്ചത്
ഖജനാവെടുത്തു കമഴ്ത്തുവാനാണ്
'വിലകൊടുത്ത ' ചിന്തകള്‍ക്ക് നീ 'കട'പ്പെട്ടത്

വിലയുറപ്പിച്ചത് നിന്റെ കുബുദ്ധി യെങ്കിലും
വില്‍ക്കപ്പെട്ടത് എന്റെ വാക്കുകളായിരുന്നു
കടം കൊണ്ടത്‌ കഴുകന്റെ നാവെങ്കിലും
കടപ്പെട്ടത്‌ എന്റെ നോവായിരുന്നു
ഇരന്നു പോയത് നിന്റെ ദുരയെങ്കിലും
ഇരക്കാനെടുത്തത് എന്റെ ചങ്കായിരുന്നു
വിതക്കാന്‍ തന്നത് 'വിളഞ്ഞ 'വിത്തെങ്കിലും
വിലയിടിഞ്ഞത് എന്റെ വിളകള്‍ക്കായിരുന്നു

ഇനി വയ്യ , കാത്തിരിപ്പിന് വയ്യ
വിഷാദ പ്പെട്ട മനസ്സിനോടും
വിധേയപ്പെട്ട ചിന്തയോടും
കലഹം തീര്‍ക്കുക
കത്തുന്ന കനവും ...
കനലെരിയുന്ന കണ്ണുകളുമായി....
കണ്ണ് നിറഞ്ഞവര്‍ക്കും
വില്‍ക്കപ്പെട്ടവര്‍ക്കും വേണ്ടി
വിശന്നു കരഞ്ഞവര്‍ക്കും
വിള നശിച്ചവര്‍ക്കും വേണ്ടി..........
"

"ആരെന്നറിയാതെ ...



രാത്രി യിരുട്ട് വെളുക്കുവോളം
ഞാനാരെന്ന് ചോദിച്ച്
ഇര കോര്‍ത്ത യാര്‍ത്തിയുടെ
ചൂണ്ട യെറിഞ്ഞവര്‍
ഇന്നീ പകല്‍ പുറം തീരുന്നിടം നോക്കി
നീ - ഒരിര യെന്നുചൊല്ലി ച്ചൂണ്ട വലിച്ചെടുത്തു

'മാവോ-വാദി' യെന്നോതി പ്പറഞ്ഞവര്‍
'മത വാദി' യെന്നാര്‍ ത്തലച്ചു
'മിത വാദി' യെന്നോമനിച്ചോതിയോര്‍
'കടും വാദി' യാക്കി യിന്നോച്ച വെച്ചു
'ഇര വാദി' എന്നിഷ്ടം പറഞ്ഞവര്‍
'ഇടയാളനെ'ന്ന-നിഷ്ടം ചമച്ചു
'നക്സലൈറ്റെന്നു' പേടിച്ചോഴിഞ്ഞവര്‍
'ഗാന്ധിസം' കണ്ടെന്നെ യാദരിച്ചു

ഈ ബഹള-മാരവങ്ങള്‍ ക്കിടയിലും
ഞാനറിഞ്ഞില്ലയിന്നു - മാരെന്ന് ഞാന്‍
ഒച്ച വെച്ചവര്‍ ഒരുക്കി ത്തീര്‍ത്തൊരു
തടങ്കല്‍ പാളയം കിനാവിലൂട്ടി
എല്ലാ മായിട്ടു-മൊന്നു മാവാതെ
എലാം കണ്ടിട്ടു-മൊന്നു മറിയാതെ
ഒളിപ്പെരു പേറി യാത്ര തുടരുന്നു

ആരെന്നറിയാതെ ....എന്തിനെന്നോര്‍ക്കാതെ.....
ഒളിപ്പോരു താണ്ടി ഞാന്‍ അസ്ത്ര മെറിയുന്നു
ആവനാഴിയില്‍ അടുക്കി വെച്ചെ-ന്റെ
ആത്മ വേദനയുടെ അക്ഷരം കൊണ്ട് .....!
ആര്‍ത്ത നാദങ്ങളുടെ വേദന യറിഞ്ഞും ......!!
"

ഇരുട്ട് ..........

ഇരുട്ട് ..........
ചുറ്റും കൂരിരുട്ട്
ഭീതിപ്പെടുട്ടുന്ന ഇരുട്ടാണ്‌ 
ഇന്നെന്നെ വലയം ചെയ്യുന്നത്
ഇരുട്ട് .....
ഭീതിയുടെ നിഴലാട്ടങ്ങള്‍
സമ്മാനിച്ച്
എങ്ങോട്ടാണെന്നെ
പിടിച്ചു വലിക്കുന്നത്...??
വെളിച്ചമേ...നയിച്ചാലും -
എന്നായിരുന്നല്ലോ
എന്നും എന്റെ പ്രാര്‍ത്ഥന
എന്നിട്ടും ....
ഈ ഇരുട്ട്
എന്തിനാണെന്നെ
അപകടപ്പെടുത്തുന്നത്....??!
വെളിച്ചമേ...........................
നീയും
എന്നില്‍ നിന്ന്
ഒളിച്ചോടുകയാണോ.....??!!

"കരളു പറയുന്നത്



കരയുന്നകരള് കണ്ടിട്ടുണ്ടോ....?!
കനിവൂറുന്ന കരളുണ്ട്
കഥ പറയുന്ന കരളുണ്ട്
കടം കൊണ്ട കരളും
കല്ലു പോലുറച്ച കരളുമുണ്ട്

കനിവൂറുന്ന കരളായിരുന്നു
കുഞ്ഞു സ്വാതി കൊതിച്ചത്
കഥപറയുന്ന കരളായിരുന്നു
കൂട്ടായി വന്ന ലോകത്തിനു
കടം കൊണ്ട കരളായിരുന്നു
കത്രിചെടുത്ത കൈകള്‍ക്ക്
കല്ലുപോലുറച്ച കരളായിരുന്നു
കൂലി പറഞ്ഞു കലഹിച്ച
കോമാളി ദൈവത്തിനു

കുഞ്ഞു സ്വാതിയുടെ കരള്‍
ഇന്ന് വെറുമൊരു കരളല്ല
വറ്റാത്ത കരുണയുടെ
വിളിയാളമാണത്
അണയാത്ത അലിവിന്റെ
അടയാള മാണ്
സ്വപ്‌നങ്ങള്‍ പൂക്കുന്ന
സ്നേഹത്തിന്റെ കൂട്ടുകൃഷിയാണ്
അടങ്ങാത്ത ആര്‍ത്തി പേറുന്ന
അമ്മ ദൈവങ്ങളുടെ
അളിഞ്ഞ കരളിനെ
അടുത്തറിയിച്ച കരളു മാണ
"

നഗരക്കാഴ്ചകള്‍



ഇതൊരു നരച്ച നഗരം
കൊള്ള മുതലുകള്‍ സ്വരുക്കൂട്ടി വെച്ച
ചോര മണക്കുന്ന കൊട്ടാരങ്ങളില്‍
വെളുത്ത മേനികള്‍ കറുപ്പിലുരച്ചു
തീ പടര്‍ത്തി നാശത്തിന്റെ നര പടര്‍ന്ന
ജന്മി പ്പുരകളുടെ നേര്‍ പകര്‍പ്പോതുന്ന
ദുഷിച്ച ചിന്തകളുടെ നരച്ച നഗരം

അടിമകളുടെ ചുടു ശാപത്താല്‍
അകം വെന്ത "ബമ്മാട" ങ്ങളുടെ
ചിതല്‍ തിന്ന പുറം തൂണുകള്‍ക്കു
കാപട്യത്തിന്റെ വെള്ള പൂശുന്ന
ഫ്യൂഡല്‍ അഹന്തയുടെ
പുറം ചാടി ചിരി പടര്‍ത്തുന്ന
വിശന്നു കരയുന്ന നരച്ച നഗരം

ശക്തിചോര്‍ന്ന കിടപ്പറ പ്പെരുമക്ക്
ഉണര്‍വ് കിട്ടാന്‍ ഒരുംബെട്ടിറങ്ങിയ
വിളര്‍ത്ത മേനിയിലെ പൂച്ചക്കണ്ണുകള്‍
കരുത്തുള്ള കറുത്ത ചൂടും കാത്ത്
ഉടല്‍ തുറന്നു വെയിലു കായുന്ന
ജീര്‍ണ്ണ ജീര്‍ണ്ണതയുടെ നരച്ച നഗരം

കൊട്ടിഘോഷിച്ച അക്ഷരപ്പെരുമയും
കട്ടെടുത്ത കാക്കപ്പൊന്നാണെന്ന്
തുടികൊട്ടി പ്പറയുന്ന അറബിക്കഥകളെ
കണ്ണുപൊത്തി മറക്കാന്‍ വെമ്പുന്ന
നശിച്ചു നാറുന്ന നരച്ച നഗരം
"

2012, ജൂലൈ 20, വെള്ളിയാഴ്‌ച

വിപ്ലവം '



"

സമാവറില്‍ വെട്ടിത്തിളച്ച കട്ടന്‍ചായയില്‍
മദാമ്മ തന്ന പാലൊഴിച്ചപ്പോഴാണ്
വിപ്ലവത്തിന്റെ കടും ചുവപ്പില്‍
'ക്യാപ്പിറ്റല്‍ പണിഷ്മെന്റി' ന്റെ
വരണ്ട നര പടര്‍ന്നത്

ഉതിര്‍ത്തി ക്കുഴച്ചു പതം വരുത്തിയ
എണ്ണ കുടിച്ചു ചുവന്ന പരിപ്പുവടകളില്‍
പച്ചയുണങ്ങാതെ മുഴച്ചു നിന്ന
'കറിവേപ്പില'കളും വില പേശിയപ്പോഴാണ്
വിപ്ലവത്തിന്റെ മണം കെട്ടുപോയത്

സ്വരുക്കൂട്ടിയ 'മൂലധന' ത്തിന്റെ സുരക്ഷയോര്‍ത്ത്
വിപ്ലവം സ്വിസ് ബാങ്കില്‍ പോയപ്പോഴാണ്
അസ്ഥിത്തറകളില്‍ പൂജക്ക്‌ വെച്ച
കൊടിമരങ്ങളില്‍ കണ്ണീരു പെയ്തതും
വിപ്ലവം നുരുമ്പിത്തുടങ്ങിയതും

'പൂജയെടുപ്പിന്റെ' ആരവങ്ങള്‍ക്കിടയിലും
ഒളിച്ചിരിക്കുന്ന തേങ്ങലുകള്‍ കേള്‍ക്കാതെ
കൊടിമരത്തില്‍ ചോരപൂശി ചന്തം വരുത്താന്‍
ക്വട്ടേഷന്‍ എല്‍പ്പിച്ചപ്പോഴാണ്
വിപ്ലവം "വിദേശ കാറില്‍ " സ്ഥലം വിട്ടത്

ചുളിയാത്ത 'ബ്രാന്റഡ്' ഷര്‍ട്ടുകള്‍ക്കും
കൊളസ്ട്രോളില്‍ ചീര്‍ത്ത യുവത്വത്തിനും
'റിയല്‍ എസ്റ്റെറ്റിന്റെ ' തിരക്കിനിടയിലും
വിയര്‍പ്പ് അലര്‍ജി യായപ്പോഴാണ്
വിപ്ലവം 'ഇവന്റുമാനേജുമെന്റു' കള്‍ ഏറ്റെടുത്തത്

ചുങ്കപ്പൂട്ട്‌


അച്ഛന്‍ മക്കളെ വിളിച്ച്
"പണിഞ്ഞിട്ട" തിന്റെ
കൂലി ചോദിച്ചപ്പോഴാണ്
ബി.ഓ.ടി.യുടെ പൊരുളറിയാതെ
ഞാന്‍ പകച്ചു നിന്നത്

പാലൂട്ടി പ്പോറ്റിയതും
ബി.ഓ.ടി.പ്പാതയിലെന്നു
തീര്‍ത്ത്‌ പറഞ്ഞ അമ്മക്ക് മുമ്പില്‍
ടോള്‍ കൊടുക്കാതെ വഴിയില്ലെന്നായി

ഓടിക്കളിച്ച വഴികളിലെല്ലാം
ഓട മുളയില്‍ കളറു പൂശി
ഒത്തു കളിയുടെ കഥകള്‍ ചൊല്ലി
ച്ചുങ്കപ്പുരകള്‍ കെണി വച്ചിരുന്നു

പുഴയിലിറങ്ങി മുങ്ങിച്ചാവാന്‍
വെള്ളക്കരത്തിന്റെ രസീതി വേണം
വീട്ടില്‍ കയറി വിഷം കഴിക്കാന്‍
വീട്ടു നികുതിയുടെ ചീട്ടു വേണം
രോട്ടിളിറങ്ങി നാടുവിട്ടോടാന്‍
"ടോള' ടക്കാതെ വഴി തുറക്കില്ല

വിപ്പ്ളവ ക്കോമാളികള്‍ക്ക്
ഏജന്‍സി പ്പണി യുള്ളതുകൊണ്ട്
ച്ചുങ്കപ്പുരകളില്‍ ഹര്‍ത്താലില്ല
ഉള്ളിലിരിക്കുന്ന "ബ്രാന്റെഡ്" ഷര്‍ട്ട്‌
ഖദറിന്റെ ബിനാമിയായത് കൊണ്ട്
കൊള്ളപ്പുരകളില്‍ ഗ്രൂപ്പിസമില്ല

കണവനെ കാത്തിരുന്ന പെണ്ണ്
ടോള് കൊടുത്ത് കാലിയായ
കീശയില്‍ നോക്കി ഊറിച്ചിരിച്ചു
കഴുത്തില്‍ കെട്ടിയ ചരടിന്റെ സ്വാതന്ത്ര്യം
പെണ്ണിന്റെ തുണിയഴിച്ചപ്പോള്‍
തുടകള്‍ പിണച്ചുകെട്ടിയ "ചുങ്കപ്പൂട്ട്‌"

മിഴിച്ചിരുന്ന കണവന്റെ കാതില്‍
പെണ്ണിന്റെ സ്നേഹ മന്ത്രം
ദാമ്പത്യം ഒരു ബി.ഓ.ടി യാണ്
എന്റെ സ്ത്രീധനം കൊണ്ട് പണിത
നമ്മുടെ ജീവിതം............!!
കാലിയായ കീശയില്‍ തപ്പി
അടച്ച ഗയിറ്റിനു മുമ്പില്‍ ഒരു കാത്തിരിപ്പ്
ബി.ഓ.ടി ദൈവങ്ങള്‍ക്ക് സ്തുതി പാടി
പെണ്ണിന്റെ കൂര്‍ക്കം വലി
"

"ഊന്നു വടികള്‍

"
ഊന്നു വടികള്‍
----------------------

ഊന്നു വടികള്‍ ഊറി ച്ചിരിച്ചത്
തെന്നിവീഴുന്ന യുവാക്കളെ കണ്ടാണ്‌
ഭൂമിയുടെ നെഞ്ച് ചവിട്ടിയുടച്ച്‌
ആകാശത്തിന്റെ മൂക്കില്‍ ആഞ്ഞിടിച്ച്‌
നെഞ്ച് വിരിച്ച് നടന്നപ്പോഴാണ്
വേടന്‍ വിരിച്ച "ബ്രാന്റഡ"വലകളില്‍
കാലുടക്കി വീണുപോയത്

കരുത്തു കാട്ടിയ യുവത്വം
കാലുളുക്കിയ പേക്കോലമാണിന്നു
കവിത പാടിയ മീശ പ്പെരുമ
ചുരണ്ടി മിനുക്കി പെണ്‍കോലമായി

കത്തി പ്പടര്‍ന്ന വിപ്ലവപ്പൊലിമ
കഴുത്തില്‍ തൂങ്ങിയ ചങ്ങലച്ചന്തം
ഊര്‍ജം പകര്‍ന്ന പ്രതിഷേധങ്ങള്‍
'ധാതു പുഷ്ടി' യുടെ ഊന്നുവടിയില്‍
ശക്തികിട്ടാതെ മയങ്ങുന്നു

ഊന്നുവടികള്‍ ആര്‍ത്തു ച്ചിരിച്ചത്
കാലില്‍ കുരുങ്ങിയ വലക്കണ്ണികളില്‍
അലങ്കാരംതിരയുന്ന പൌരുഷം കണ്ടാണ്‌
നെഞ്ചിലൊട്ടിച്ച "ബ്രാന്റ്നെയിം"
തലച്ചോറിന്റെ പണയ മാണെന്നറിയാന്‍
കണ്ണ് മൂടിയ കണ്ണടയുടെ "ബ്രാന്റും"
കാഴ്ചക്ക് തടസ്സമായപ്പോഴാണ്

ഊന്നു വടി തേടുന്ന യുവത്വം
കാലത്തിന്റെ ശാപമാണ്
ഒന്നിലു മൊരുറപ്പില്ലാതെ
ചിന്തകള്‍ പണയപ്പെടുത്തി
ചങ്ങലകള്‍ ആഭരണ മാക്കി
ഭ്രാന്തു തേടിയലയുന്ന യുവത

പൌരുഷം വടിച്ചു മിനുക്കി
ആണെന്നോ പെണ്ണെന്നോ
തിരിച്ചറിയാത്ത യുവത്വം
ശിഖണ്ടിയുടെ ഗര്‍ഭം പോലെ
പേരറിയാത്ത നാശമാണ് - പെറ്റിട്ടാലും
അച്ഛനെന്നോ അമ്മയെന്നോ വിളിക്കാനാവാതെ
ശിഖണ്ടി ക്കുഞ്ഞുങ്ങള്‍ പകച്ചു നില്‍ക്കും
"

സംഭാരം


സംഭാരം തണുപ്പിച്ചത്‌
ഹൃദയത്തിന്റെ നോവായിരുന്നു
വെളുപ്പില്‍ തെളിഞ്ഞത്
കരുണയുടെ സത്യങ്ങള്‍
പുളിപ്പില്‍ നുണഞ്ഞത്
കാത്തുവെച്ച സൗഹൃദം

നന്മയുടെ മണ്‍കുടങ്ങളില്‍
ഒതുക്കത്തില്‍ ഒളിപ്പിച്ച ഓര്‍മ ക്കൂട്ട്
ബാല്യത്തിനെരിവ് പകര്‍ന്ന
കാന്താരിക്കു കൂട്ടായി കല്ലുപ്പിന്റെ നനവ്‌
ടവറുകള്‍ കരിക്കാതെ ഭാക്കിവെച്ച
ഓര്‍മകളുടെ സുഗന്ധത്തിനൊരു കറിവേപ്പില

പതുക്കെ നാവിലലിയുമ്പോള്‍
രസ മുകുളങ്ങളില്‍ ആഘോഷം
ഹൃദയത്തിലൊരു നറു നിലാവ്
ചിന്തകളില്‍ കാലത്തിന്റെ കുത്തൊഴുക്ക്

കുത്തിയുടച്ച മണ്‍കുടത്തിന്റെ
മൂട് ചുരണ്ടിയ കറുപ്പാണ്
കുപ്പിയില്‍ പതപ്പിച്ച
കോളക്ക് കരുത്തായത്
ഓര്‍മകളില്‍ കണ്ണീരൊഴിച്ച്
സംഭാരം മല കയറിപ്പോയി

സംഭാരത്തിന്റെ വെളുപ്പും
കോളകളുടെ കടും കറുപ്പും
സംസ്കാരങ്ങളുടെ നിറ ഭേദങ്ങളാണ്
കരുണയുടെ വെളുപ്പും
ആര്‍ത്തിയുടെ കറുപ്പും
വഴി പിരിയുന്ന നിറ ക്കൂട്ടുകള്‍

സംഭാരത്തിന്റെ പുളിപ്പും
കോളയുടെ ചവര്‍പ്പും
സൌഹൃദത്തോടുള്ള സമീപനമാണ്
നുണഞ്ഞിറക്കിയ സൌഹൃദങ്ങള്‍
ചവര്‍പ്പ് നുണയുന്ന
സായാഹ്നങ്ങളോട് തര്‍ക്കിക്കുമ്പോള്‍
ബന്ധങ്ങളില്‍ തുരുമ്പ് കയറുന്നു

സംഭാരം ഓര്‍മകളുടെ നിലാവാണ്‌
നുരയാത്ത സന്തോഷങ്ങള്‍ക്ക്‌
പതയാതെ കുളിര് പാരുന്ന
മുത്തശ്ശിയുടെ ചിരിയാണത്
"

തീവ്ര വാദി .........."

"
അറിഞ്ഞില്ലേ..........
ഞാനൊരു ഉഗ്ര വാദിയാണ്
കൊടും കുറ്റവാളി
നിന്റെ ദുഷിച്ച നാറ്റം
എന്റെ മൂക്ക് തകര്‍ക്കുന്നെന്നു
വിളിച്ചു കൂവിയ തീവ്ര വാദി

മൂക്ക് പൊത്തി ക്കരയുന്ന
കുഞ്ഞുങ്ങള്‍ തീവ്രവാദികളെങ്കില്‍
ഞാനുമൊരു തീവ്രവാദിയാണ്
ആര്‍ത്തു കരയുന്ന പെണ്ണിന്റെ ശബ്ദം
മാവോയിസമെങ്കില്‍
ഞാനുമൊരു മാവോയിസ്റ്റാണ്
നിന്റെ മൂക്ക് ചൂണ്ടി ഞാനെറിയുന്ന
ചോദ്യങ്ങള്‍ നക്സലിസ മെങ്കില്‍
ഞാനുമൊരു നക്സലെയ്റ്റാണ്

ഇതെല്ലാം
എന്നിലൊത്ത്‌ ചെര്‍ന്നെങ്കില്‍
ഞാനൊരു മനുഷ്യ സ്നേഹിയാണ്
നിന്റെ ഭാഷയില്‍
ഒരു മത തീവ്ര വാദി ..........
"

അധിനിവേശം


പുത്തന്‍ അധിനിവേശം
രാജ്യങ്ങളുടെ കയ്യേറ്റമല്ല
ചിന്തകളുടെ വിളവെടുപ്പുമല്ല
കൂട്ടിവെച്ച മാലിന്യത്തിന്റെ
പുറം തള്ളലാണ്

മാലിന്യം മലയോളമാക്കി
വണ്ടിയില്‍ കാറ്റ് കൊള്ളിച്ച്
വഴിയാകെ വീശി യറിയിച്ചു
വഴിക്കാരെ യാട്ടിയോടിച്ചു
എന്റെ മൂക്കിനു താഴെ ത്തള്ളുമ്പോള്‍
അത് നിന്റെ അധിനിവേശമാണ്

മാനം മുട്ടുന്ന വീടുകെട്ടി
മലയോള മുയരത്തില്‍ മതിലുകെട്ടി
മാളോരെ യൊക്കെ അകറ്റിനിര്‍ത്തി
നിന്റെ മാറാപ്പു മാത്രം
നീ റോട്ടിലിട്ടു

മതില് പോയിട്ട്
ചുമരില്ലാത്തൊരു കൂരകെട്ടി
മാനംപോല്‍ തെളിഞ്ഞ മനസ്സുമായി
വായു വിഴുങ്ങി
മയങ്ങി യുറങ്ങുന്ന
കുഞ്ഞു ബാല്യങ്ങളെ നീ പട്ടിണി ക്കിട്ടു

നിന്റെ മ്ലേച്ച മാലിന്യം
എന്റെ പുരയിടത്തിലെറിഞ്ഞു
കൈ കഴുകി ത്തുടക്കുമ്പോള്‍
നിന്റെ മനസ്സിലൊരു
മാലിന്യ ക്കൂമ്പാരം ചീഞ്ഞു നാറുന്നത്
നീയറിഞ്ഞില്ല ,

നിന്റെ പെണ്ണിന്റെ
ആര്‍ത്തവം തുടച്ച കീറത്തുണി
എന്റെ വഴിയിലെറിഞ്ഞു
കൈ വീശി നീ നടക്കാനിറങ്ങുമ്പോള്‍
നിന്റെ മനസ്സിലൊരു
ചാപിള്ള ചീഞ്ഞു നാറുന്നതും
ഞാനറിയുന്നു

ലാലൂരിലെ പെണ്ണുങ്ങളും
പെട്ടിപ്പാലത്തെ ക്കുട്ടികളും
മൂക്ക് പൊത്തി ക്കരയുമ്പോള്‍
നിന്റെ കിടപ്പറയിലൊരു
"എയിഡ്സ് " കാത്തു കിടക്കുന്നതും
നീയറിഞ്ഞില്ല , ഞാനറിയുന്നു

എന്റെ വായു കൊള്ളയടിച്ചപ്പോള്‍
എന്റെ നീരുറവയില്‍ വിഷം കലക്കിയപ്പോള്‍
നീ അധിനിവേശത്തിന്റെ
പുതു രൂപമാകുന്നു
കൊള്ളയുടെ തനി രൂപമാകുന്നു

തീവ്രവാദം പറഞ്ഞ്
എന്റെ കണ്ണ് നീ കുത്തിയുടച്ചു
മാവോ വാദിയെന്നൊച്ച വെച്ചെന്റെ
കാതു നീ പറിച്ചെറിഞ്ഞു
നക്സലെന്നാര്‍ത്തു കൂവി നീ
നാവിലൊരാണി കേറ്റി

എന്നിട്ടും ,
എന്റെ മൂക്ക് നീ ഭാക്കിവെച്ചു
നീ തള്ളിയ മാലിന്യ മല്ല
ഇന്നെന്റെ മൂക്കടപ്പിക്കുന്നത്
ഈ നാറ്റം എനിക്കെറിഞ്ഞു തന്ന
നിന്റെ സ്വാര്‍ഥത യാണ്
എന്റെമൂക്ക് തകര്‍ക്കുന്നത്

തസ്ബിഹ് മാല

"
എനിക്കിന്നൊരു" തസ്ബിഹ് " മാല നിധിയായിക്കിട്ടി
കരഞ്ഞു കൊണ്ട് കേറിവന്നൊരു സുന്ദരി
ചിരിച്ചു കൊണ്ടിറങ്ങുമ്പോള്‍
എനിക്ക് നീട്ടിയ സ്നേഹ സമ്മാനം

സമ്മാനങ്ങള്‍ ഞങ്ങള്‍ക്ക് വിലക്കപ്പെട്ടതായിട്ടും
സ്നേഹം കൊണ്ട് പൊതിഞ്ഞു
നിഷ്കളങ്കത യുടെ റിബണ്‍ കെട്ടിയ
"അറബി ത്ത "യുടെ ഹൃദയം വെച്ചു നീട്ടിയപ്പോള്‍
നിയമം പറഞ്ഞു തട്ടിമാറ്റാനായില്ല

വിട പറയുമ്പോള്‍ മടിച്ചാണെങ്കിലും ചോദിച്ചു
ഞാനിതില്‍ എന്ത് ജപിക്കും..........?!
"ദൈവ മൊന്നല്ലേ യുള്ളൂ പേരുകളൊത്തിരി യുണ്ടെങ്കിലും
നിനക്കറിയുന്ന ഭാഷയില്‍ വിളിച്ചോളൂ........
കണ്ടെത്തിയാല്‍ എന്നെ പറയുക "
ചിരിയില്‍ ചാലിച്ച മറുപടി

എനിക്കറിയാം
അറബികള്‍ സ്നേഹമുള്ളവരാണ്
സ്നേഹം കാത്തുവെക്കുന്നവരും.........!!!
"

പരാഗണം

"
പൂവില്‍ നിന്നും പൂവിലെക്കുള്ള യാത്രയില്‍
കണ്ടതെല്ലാം പ്രണയത്തിന്റെ കുഞ്ഞു സ്വപ്‌നങ്ങള്‍
കേട്ടതെല്ലാം പ്രണയത്തിന്റെ ശുദ്ധ സംഗീതം
നുകര്‍ന്നതെല്ലാം പ്രണയത്തിന്റെ മധുര മോഹങ്ങള്‍
പകര്‍ന്നതെല്ലാം ഇഷ്ട പുത്രന്റെ ചടുല ബീജങ്ങള്‍
എന്നിട്ടും എത്രകാലമായ് നിങ്ങള്‍
എന്റെ യാത്രയെ വെറും "പരാഗണം" എന്ന് ചൊല്ലി
പ്രണയത്തെ മാനഭംഗം ചെയ്യുന്നു ................???!!!
"

പറയൂ

"
മല മാന്തിപ്പറിച്ച കക്കും കരളുമായി
പാഞ്ഞു വന്ന ടിപ്പറിനോട്
പിതൃത്വം തെളിയാതെ
കരഞ്ഞിരിക്കുന്ന വയലു ചോദിച്ചു
പറയൂ എന്റ ച്ചനാരെന്നു -
കരയോ നിലമോ .........?
പറയൂ എന്റച്ചനാരെന്നു........

കുത്തിയുടച്ച കണ്ണില്‍
മലയുടെ കുടലെറി ഞ്ഞപ്പോള്‍
തീര്‍ക്കാതെ ഭാക്കി വച്ചൊരു
കണ്ണീരും കലങ്ങി യൊലിക്കവേ
ഉടലുടഞ്ഞൊരു ഞണ്ട് ചോദിച്ചു
എന്ടച്ചന്‍ രാപ്പാര്‍ത്തതെവിടെ ...?
കാട്ടിലോ നനവിലോ....??!

ആര്‍ത്തി മൂത്താര്‍ത്താര്‍ത്തു പായവേ
ഭീതിയിലൊളിച്ചൊരു തുമ്പിയെ ക്കാണുന്ന
കൊച്ചു കുഞ്ഞിന്റെ യാര്‍ത്തനാദം
ഒരു കുന്നായി .......
മലയായി..........
തേങ്ങലായുയരുന്നു എന്നിലിന്നും.....
"

ചിത കൂട്ടാന്‍

"
അക്ഷരങ്ങള്‍ക്ക് തീ പിടിച്ചപ്പോള്‍
വാക്കുകളുടെ കൂട്ടക്കരച്ചില്‍
വാക്കുകളില്‍ തീ രമിച്ചപ്പോള്‍
കവിതകളുടെ അട്ടഹാസം.....

കടലാസിനെ തീ നുകര്‍ന്നപ്പോഴാണ്
കവിയുടെ തല പൊട്ടിത്തെറിച്ചത്
എരിയുന്ന വാക്കുകള്‍ ബാക്കി വെച്ചത്
ചിത കൂട്ടാന്‍ എളുപ്പമായി

ഗുണ പാഠം : കവികള്‍ക്ക് കടം പറയാതെ യാത്ര യാവാം
"

ഇനി ഒരപേക്ഷ...........


മോഹങ്ങളില്‍ കിനാവൊഴിച്ചത്
അവനായിരുന്നു
ചിന്തയില്‍ അഗ്നി നിറച്ചതും
ചിരിയില്‍ ചന്തം പകര്‍ന്നതും
അവന്റെ നോട്ടത്തിലാണ്

പുകയുന്ന അഗ്നി ശൂലം നോക്കി
പൊരിഞ്ഞു പിടയുന്ന ഉടലും
ഒട്ടു മുടയാത്ത നെഞ്ചും
ഒഴുകുന്ന ലാവയുടെ
പെരുകുന്ന ചൂട് തേടിയത്
അവന്റെ കണ്ണുകളിലും

മയില്‍ പീലിയുടെ
പേറ്റു നോവ്‌ കിനാക്കണ്ടതും
മയിലാട്ടം പഠിച്ചതും
അവനു വേണ്ടിയാണ്

എന്നിട്ടും
എന്നിട്ടുമിന്നവന്‍ പറയുന്നു
ഞാനൊരു മരുക്കാറ്റെന്നു
ചവിട്ടിക്കൂട്ടിയ ശത്രു വെന്നു
ഉത്തര മറിയാത്ത കടങ്കഥ യെന്ന്‌

എനിക്കെന്തു പറയാനാവും
കണ്ട കിനാക്കള്‍ പാഴ് കിനാവായെന്നോ...?!
കേട്ട വാക്കുകള്‍ വെറും വാക്കായെന്നോ...?!!
കൊതിച്ച ലാവയില്‍ മഞ്ഞുറഞ്ഞെന്നോ....?!!!

ഇല്ല
ഓര്‍ക്കാതിരിക്കില്ല ,
വെറുക്കാനു മാവില്ല
പുറം കാലു കൊണ്ടെന്നെ
പുറത്താക്കി പറഞ്ഞു വിട്ടിട്ടും
ഞാനോന്നെ ചോദിച്ചുള്ളൂ...

നൊന്തോ.. .....?
നിന്റെ കാലു നൊന്തോ യെന്നോമലേ...??
നിന്റെ കാലൊന്നു തടവി ത്തലോടുവാന്‍
ഇനി യാരുണ്ട് നിന്റെ കൂടെ...?

ഇനി ഒരപേക്ഷ ബാക്കിയുണ്ട്
ഡോക്ടറെ കാണണം ....
തൈലം പുരട്ടണം ,
നോവ്‌ മാറും വരേക്കെന്നെ
ശപിക്കാതിരിക്കണം 

ഇര


വെയിലു ണരുംമുമ്പേ ഇര പിടിക്കണം
മഴയെത്തും മുമ്പേ ഉണക്കി യെടുക്കണം
പകലുറങ്ങും മുമ്പേ കൂടണയണം
കുഞ്ഞുറങ്ങും മുമ്പേ അത്താഴ മെത്തണം

സ്വപ്നങ്ങള്‍ക്ക് തീ പിടിച്ചപ്പോള്‍
കലങ്ങി യൊലിച്ച ചോര ...........

ആഴക്കടലില്‍ ഇര കാത്തിരുന്ന
കുഞ്ഞു സ്രാവി നൊരത്താഴം ..

"ലന്ത ക്കാരന്റെ " തോക്കിനറിയില്ലല്ലോ
സായ്പ്പിന്റെ നിറമാണെനിക്കെന്നു
സായ്പ്പിന്റെ കണ്ണും കൌശലവും
എന്റേത് കൂടിയായിരുന്നെന്നു

ഇനി എന്ത് പറയാന്‍
"അവരും ഇര പിടിക്കാനിറങ്ങിയതല്ലേ "........
എന്നെ പ്പോലെ
"

അതിര്‍ വരമ്പുകള്‍

"
ചാക്കോച്ചന്റെ അതിര്‍ വരമ്പുകള്‍
എന്റെ വീട്ടതിരുകളെ വിഴുങ്ങിയപ്പോള്‍
ഹൃദയങ്ങളെ മുറിപ്പെടുത്തുന്നൊരു
മുള്ളുവേലി മുളച്ചു പൊന്തി

വേലിക്കപ്പുറം അവനൊരു മുല്ല നട്ടു
ഇപ്പുറം ഞാനൊരു കോളാമ്പി ച്ചെടിയും....

അപ്പച്ചന്‍ നോക്കി നില്‍ക്കെ
മുല്ലയുടെ സുഗന്ധം മഞ്ഞപ്പൂ വേറ്റുവാങ്ങി

ചാകൊച്ചന്‍ കണ്ടു നില്‍ക്കെ
മുല്ല മഞ്ഞ പ്പൂവില്‍ പടര്‍ന്നു ക്കയറി

മുല്ലപ്പൂവും മഞ്ഞപ്പൂവും
കണ്ടാല്‍ മിണ്ടരുതെന്ന്
ന്യായം പറയാനാവാതെ
ഹൃദയം പാകുത്ത മുള്‍വേലി പൊളിച്ചു മാറ്റി

മുല്ലപ്പൂ കണ്ണി റുക്കിയപ്പോള്‍
മഞ്ഞപ്പൂ നാണത്താല്‍ തല കുനിച്ചു ...
"

പാമ്പാട്ടി യുടെ സ്വപ്നം

ഊതി ത്തളര്‍ന്ന പാമ്പാട്ടി യുടെ സ്വപ്നം
ആടിത്തളര്‍ന്ന പാമ്പില്‍ നിന്ന് ഭിന്നമാണ്‌,
രണ്ടുപേരും ഊതുന്നത്‌ ജീവരക്ഷക്കാണെങ്കിലും
ഒരു കുപ്പി കള്ളിന്റെ സ്വപ്നം
ഒരു കൊച്ചു തവളയുടെ തേങ്ങലാവാം.......
ഒരു തവളുടെ തേങ്ങല്‍ പാമ്പിനൊരു ജീവിതവും ...

ഇനി എത്രനാളിങ്ങനെ ഊതിയൂതി ക്കഴിയും
എന്റെ സ്വപ്നത്തില്‍
പാമ്പൂതി യൂതി പ്പണിയുന്ന
മാണിക്ക്യക്കല്ല് തന്നെ യാണിപ്പോഴും

ഒരുകുപ്പി കല്ല്‌ മതിയെങ്കില്‍
അവറ്റകള്‍ കൂടയിലടങ്ങട്ടെ
മാനിക്ക്യക്കല്ല് വേണെങ്കില്‍
പാമ്പുകള്‍ കാട്ടിലലയട്ടെ .........
"
"സ്വപ്‌നങ്ങള്‍ എന്‍റെ ജീവിതം തന്നെയാണ്. ഉറക്കത്തിലല്ല, ഉണര്‍ന്നിരിക്കുമ്പോള്‍ കാണുന്ന സ്വപ്നങ്ങളാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. 
ചക്രവാളത്തിനും അപ്പുറത്തേക്ക് പറന്നു പോകുന്ന പക്ഷിയെ പോലെ ,, മനസിന്‍റെ കൂട് വിട്ടു പറക്കുന്ന സ്വപ്‌നങ്ങള്‍....
ഇനിയും ഒരുപാട് സ്വപ്‌നങ്ങള്‍ കാണണം എനിക്ക് ... 
ഒത്തിരി സ്വപ്‌നങ്ങള്‍... നിലാവത്ത് പെയ്യുന്ന മഴ പോലെ സുന്ദരമായത് .....
പൂവിന്‍റെ സ്വപ്‌നങ്ങള്‍ പോലെ ലോലമായത്....
ശ്.. ശ്..
ഇനി ഞാനൊരു സ്വപ്നം കാണട്ടെ.."

ക്ലോക്കുകള്‍

"
ക്ലോക്കുകള്‍
മരണത്തിന്റെ ദൂതാണ്

ചക്രം തളര്‍ന്ന്
ഓട്ടം നിലച്ച്
അസ്ഥി കൂടം പോലെ
മരണത്തെ ഓര്‍മിപ്പിക്കാന്‍
നിന്റെ ചുമരില്‍
മരണത്തിന്റെ ദൂതുമായി
നിന്നെ ക്കാത്ത്...........!!!
"

2012, ജൂലൈ 19, വ്യാഴാഴ്‌ച

ഉറപ്പിക്ക പ്പെട്ട വില



എന്റെ ജീവിതത്തിനുവില യുറപ്പിച്ചു
പടിയിറങ്ങാന്‍ സമയമായെന്ന്
മനസ്സ് പറയുന്നു
വില ത്തര്‍ക്കങ്ങളൊഴിഞ്ഞാല്‍ പിന്നെ
കുടി യിറങ്ങാതെ പറ്റില്ലല്ലോ...

വേദ പുസ്തകത്തിനു മുകളില്‍
ഒരു ചരടിരുന്നു ചിരിക്കുന്നു

മിനുസമുള്ളോരു മനസ്സു പോരാ...
മോടിയുള്ളോരുടല് വേണം
മോടിയു ള്ളോരുടല് പോര
ആകെ മൂടുന്ന പോന്നു വേണം
പോന്നു വെക്കാന്‍ പെട്ടി വേണം
പെട്ടി നിറയെ നോട്ടു വേണം

എല്ലാം ചുമന്നൊരു യാത്രയാണ്
ഭാരം പേറിയ യാത്ര
ദൂര മേറിയ യാത്ര....
നിയോഗം തേടിയ യാത്ര

അറിഞ്ഞിട്ടും അറിയാത്തപോലെ
വേദം ചുമക്കുന്ന അച്ഛനോടിന്നു
തെല്ലുറക്കെ ത്തന്നെ ഞാന്‍ പറഞ്ഞു

അച്ചോ................
എനിക്ക് കെട്ടാനുള്ള ചരടെടുത്ത്
ആ വേദപുസ്ത്തക മൊന്നു ചുരുട്ടിക്കെട്ടൂ.....
എന്നെ ത്തളക്കാനുള്ള തുടലെടുത്ത്
" മേരി " യുടെ കണ്ണൊന്നു മറച്ചു കെട്ടൂ
എനിക്കണിയാനുള്ള പുടവയിട്ട്
" ജീസസിന്റെ " രക്തമൊന്നു മൂടി വെക്കൂ ..........!!

എന്റെ വാക്കുകള്‍
അച്ഛനറിഞ്ഞോ ആവോ

ഒരു താലി യെടുത്തൂതി നല്‍കിയാല്‍
"പള്ളി പ്പണം " എത്രയെന്നു
കണക്കു കൂട്ടുന്ന അച്ഛന്റെ കണ്ണില്‍
ഞാനപ്പോഴളന്നത്
എന്റെ ദൂരമായിരുന്നു
തെമ്മാടി ക്കുഴി യിലേക്കുള്ള ദൂരം ..........!!
"

മുഖം മൂടി



ഒരു പെണ്ണിന്റെ മുഖം മൂടി
രേഖ പ്പെടുത്തപ്പെട്ട ഒന്നാണ്
പള്ളിയില്‍ പൂജിച്ചു
പിടലിയില്‍ കെട്ടുന്ന ചരട്
മുഖം മൂടിയുടെ ചരടാണ്‌
ഇപ്പോള്‍
അത് മുഖം മൂടിയല്ല
അതെന്റെ മുഖം തന്നെയായി
നിന്റെ മുഖമെങ്ങിനെ എന്റെതായി
എന്നുമാത്ര മെന്നോട് ചോദിക്കരുത്
"

കണവന്‍



പകലുറങ്ങുന്നു ,കുയിലു പാടുന്നു
ഇരുള് പടരുന്നു, കുടല് കരിയുന്നു

തുടല് പൊട്ടുന്നു, ഉടല് പൊള്ളുന്നു
ഉടുമുണ്ട് കീറുന്നു, ഉടയാട നീങ്ങുന്നു

ഉമിനീരുണങ്ങാത്ത, പാല്‍ മണം മാറാത്ത
മുല ഞെട്ട് പൊട്ടുന്നു, ചുടു രക്ത മിറ്റുന്നു

കഞ്ഞി ക്കലത്തിലൊരു നാറുന്ന നോട്ടിട്ടു
മേല്‍മുണ്ട്‌ കുടയുന്നു, മേസ്തിരി യിറങ്ങുന്നു

അമ്മ പിടയുന്നു, കഞ്ഞി വേവുന്നു
കുഞ്ഞു കരയുന്നു, നെഞ്ച് പിടയുന്നു

പൊട്ടിയൊലിച്ച യാ ചോര ക്കറ ചേര്‍ത്ത്‌
അമ്മ തന്നമ്മിഞ്ഞ കുഞ്ഞിനേ യൂട്ടുന്നു

കണ്ടു കാണാതെ , ഒന്നു മറിയാതെ
സിര നിറഞ്ഞൊഴുകുന്ന ചാരായ ലഹരിയില്‍
കണവനുറങ്ങട്ടെ മതി വരോളം
കണവനുറങ്ങട്ടെ -ഞാന്‍ - മരിക്കുവോളം .....
"


തുരുത്ത്





ജീവിതം
ഒരു തുരുത്താണ്
പുഴ വന്നു മൂടുമ്പോഴും
കൂട്ട് കൂടാന്‍ കിളികളെത്തും
കഥ പറയാന്‍ ചെടികള്‍ വരും

സ്വപ്‌നങ്ങള്‍ പങ്കു വെക്കാന്‍
സുഗന്ധമുള്ള പൂക്കളുള്ളപ്പോഴും
പുഴയുടെ വിശപ്പ്‌
തുരുത്തിന്റെ സ്വപ്നങ്ങളെ
നിറം കെടുത്തുന്ന ഭീതിയാണ്
"

മരം




മരത്തിനൊരു കണ്ണുണ്ട്
ഭൂമിയുടെ അകക്കണ്ണ് ........
മരത്തിനൊരു കയ്യുണ്ട്‌
നക്ഷത്രങ്ങളെ തഴുകി ത്തലോടന്‍
നീട്ടിപ്പിടിടിച്ച കയ്യാണത് ...........
മരത്തിനൊരു കാതുണ്ട്
കാറ്റിന്റെ പാട്ട് കേള്‍ക്കാന്‍
തുറന്നു വെച്ച കാത്...............
മരത്തിനൊരു ഉടലുണ്ട്
വീടിന്റെ മച്ചിനെ താങ്ങാന്‍
കരുത്തുള്ളോരുടല്‍.................
മരത്തിനൊരു കാലുണ്ട്
കരുണ യുടെ ഉറവ തേടി പ്പായുന്ന
നേര്‍ത്ത വിരലുള്ള കാല്.....................

എന്നിട്ടും നീ
കണ്ടത് കാമം നിറച്ച കണ്ണ് കൊണ്ട്
കേട്ടത് കാമിനിയുടെ വ്യര്‍ത്ഥ ഗാനം
തോട്ടത് കാമത്തിന്റെ വഴുതുന്ന കൈകള്‍ കൊണ്ട്
നടന്നത് വേശ്യയുടെ തുറന്നിട്ട തുടകള്‍ തേടി
"

2012, ജൂലൈ 17, ചൊവ്വാഴ്ച

മയിലാട്ടം


ഇരുണ്ട മേഘങ്ങളാണ്
മയിലിനെ ആടാന്‍ പഠിപ്പിച്ചത്
വിടര്‍ന്ന പീലിത്തുമ്പിലെ
നീല മിഴി കളാവാം
പെണ്‍മയിലിനെ മാടി വിളിച്ചത്

മേഘങ്ങള്‍ മഴയായപ്പോള്‍
ആണ്‍ മയിലൊരു കുടയായി
ഭൂമി മഴ കുടിച്ചപ്പോള്‍
തന്നിലൂറിയ ചുടു ബീജങ്ങള്‍
ആണോ പെണ്ണോ എന്നാ വേവലാതി
പെണ്‍ മയിലിനൊട്ടു മില്ലായിരുന്നു

വേവ്


കുക്കറില്‍ വേവുന്ന ആട്ടിന്‍കുട്ടി
കൂടെ തിളയ്ക്കുന്ന ഉള്ളിയെ ശപിച്ചു
എന്തൊരു മണം.........!
കൂടെ കളിക്കുന്ന മുളകിനോട്
ഉള്ളിക്ക് പരിഭവം
എന്തൊരു എരിവു.........!!
എല്ലാവരെയും തൊട്ടു തലോടി ക്കളിക്കുന്ന
മസാലക്കൂട്ടിനോട്
തക്കാളിക്ക് നീരസം
എന്റെ നിറം കെടുത്തി .......!!
പരാതികള്‍ കേട്ട് സഹികെട്ടപ്പോള്‍
കുക്കരോന്നു കൂവി ...
ബഹളം കേട്ട് ഓടിവന്ന അമ്മച്ചി
കുക്കര്‍ തുറന്നു തോട്ടു കൂട്ടി പ്പറഞ്ഞു
ഹോ....എന്തൊരു രുചി .....!!!

സുഹ

ഇന്നെന്നെ ഉണര്‍ത്തിയത് 

ഒഴുകിപ്പരന്ന ചോരയായിരുന്നു .......




ചുവന്ന ചുണ്ടുകളില്‍
തേനൂറുന്ന ചിരി പടര്‍ത്തി
തിളങ്ങുന്ന കണ്ണുകളില്‍ 
ലോകത്തിന്റെ സൌന്ദര്യം
ഒന്നിചൊരുക്കൂട്ടിയ , 

എന്റെ പ്രിയ കൂട്ട് കാരി..
ഒരു ചിത്ര ശലഭം പോലെ പാറിക്കളിച്ച " സുഹ "

സിറിയ യുടെ ശ്രേഷ്ഠ പൈതൃകങ്ങളില്‍ ..

"ഹമീദിയ്യ സൂഖി"ന്റെ പോരിശകളില്‍ ...
"അലപ്പോ" നഗരത്തിന്റെ പൌരാണികതയില്‍.........
.തലയുയര്‍ത്തി പ്പിടിച്ച സിറിയന്‍ സുന്ദരി .........

പ്രാണ നാഥന്‍ "ഹമദി"ന്റെ 

വിളികേട്ടാണവള്‍ പോയത് ....
സ്വാതന്ത്ര്യത്തെ 
ചോരയില്‍ മുക്കി ക്കൊല്ലുന്ന.......
ഫറോവ മാരുടെ വെടിയേറ്റാണ്
അവള്‍വീണത്‌...

എല്ലാസ്വാതന്ത്ര്യങ്ങളോടു മൊപ്പം ....
അവളുടെ ചിരിയും അവര്‍ കെടുത്തി ക്കളഞ്ഞു .....

പ്രിയ സഖീ .........

നീ എന്നെ വിട്ട് പോയെന്നത് 
വിശ്വസിക്കാന്‍ ഇനിയുമെനിക്കായിട്ടില്ല ,
നിന്റെ ചിരികള്‍ 

എന്റെ കണ്ണുകള്‍ നിറക്കുന്നു
നിന്റെ മൊഴികള്‍ എന്റെ കാതിലിരംബുന്നു
നിന്റെ പൈതൃകങ്ങളെ 

എനിക്കിഷ്ട മാണെന്നറിഞ്ഞപ്പോള്‍ 
ഹമദു മൊത്തെന്റെ കേരളം കാണാന്‍ 
വരുമെന്ന് നീ പറഞ്ഞിരുന്നു

"നിനക്കെന്താ മുസ്ലിമായാലെന്നു" 

നീ എന്നോട് ചോതിച്ചപ്പോഴും 
നിന്റെ സ്നേഹത്തിന്റെ ആഴമാണ് 
ഞാനറിഞ്ഞത് ...
നീ പറഞ്ഞ ന്യായം "സ്വര്‍ഗത്തിലും നിനക്ക് കൂട്ടായി "
ഞാനുണ്ടാവണം 

എന്നത് സ്നേഹമല്ലാതെ മറ്റെന്താണ് ...?!
എന്നാലും... 

കാത്തുനില്‍ക്കാതെ നീ പോയ്‌ ക്കളഞ്ഞല്ലോ
ഹമദിനെ തനിച്ചാക്കി .... 
എന്റെ കൈ പിടിക്കാതെ ..
നീ പോയ്‌ ക്കളഞ്ഞില്ലേ ...

പ്രിയ സുഹാ ...... 

നിന്നെ എനിക്കെത്ര ഇഷ്ട്ട മായിരുന്നു .....
നിന്റെ പൈതൃകങ്ങള്‍ ഞാനെത്ര കൊതിച്ചിരുന്നു, ....
നിനക്കെന്റെ മുടിയോടും , 
എനിക്ക് നിന്റെ ചിരിയോടും 
നമുക്കെത്ര ഇഷ്ടമായിരുന്നു .....
സിറിയയിലെ ആണുങ്ങളെ മുഴുവന്‍ കൊന്നു തിന്നു
പെണ്ണുങ്ങളെ മാനം കെടുത്തുന്ന " ബശ്ശാര്‍ " ....

ഇന്നിന്റെ ഫറോവ യാണെന്ന് 
നീ എന്നോട് പറഞ്ഞത് , ...
നിന്റെ യാത്രയിലൂടെ 
ലോകത്തോട്‌ നീ വിളിച്ചു കൂവുന്നു

പ്രവാചകന്റെ ഇഷ്ട പോരാളി 

"ഖാലിദു " ഉറങ്ങുന്നത് നിന്റെ സിരിയയിലാണെന്നു പറയാന്‍ .....
പാലസ്തീനിന്റെ സിംഹം "സലാഹുദ്ധീനും" 
അവിടെയുണ്ടെന്ന് പറയുമ്പോള്‍ ,
നിനക്കെന്തു ധൈര്യമായിരുന്നു ........
അവരുരങ്ങുന്ന മണ്ണില്‍ ഇന്ന് നീയും 
സ്വര്‍ഗത്തില്‍- അവരോടൊപ്പം
പ്രിയ സുഹാ........ 

ഇനിയും നിന്റെ വിളിക്ക് 
ഞാന്‍ കാതോര്‍ത്തിരിക്കും ...
എന്റെ സ്വര്‍ഗം കൊതിച്ച നീ , 
നേരത്തെ യാത്ര പോയത് 
എനിക്ക് സീറ്റുറപ്പിക്കാനാണെന്ന്
എനിക്കുറപ്പുണ്ട് - 
പക്ഷെ....
നീയില്ലാത്ത ഭൂമി 
എനിക്ക് നരകമാണെന്നു നീ അറിങ്ങില്ലെന്നോ.....

സുഹാ........ 

ഇനിയും എനിക്ക് വയ്യാ .... 
നീയില്ലാതെ ഞാനീ നരകത്തില്‍ ..
ഞാനില്ലാതെ നീ തനിച്ചു - 
അത് സ്വര്‍ഗമാനെങ്ങിലും.....!!
നിന്റെ വിളി ഞാന്‍ കാതോര്‍ത്തിരിക്കുന്നു
എല്ലാ കുരിശുഭാരങ്ങളു മിറക്കി വെച്ച്‌ , 

പ്രതീകങ്ങളില്ലാത്ത നിന്റെ ലോകത്തേക്ക് 
എനിക്ക് പാഞ്ഞടുക്കണം 
നിന്റെ വെളിച്ചം കാണാതെ 
എന്റെ കണ്ണുകള്‍ ഇരുട്ടിലമരുന്നു
നിന്റെ വാക്ക് കേള്‍ക്കാതെ 
ഞാന്‍ വഴിയിലലയുന്നു

ഞാന്‍ വരും... ഭാരങ്ങളില്ലാത്ത ലോകത്തിലേക്ക് .
ഞാന്‍ വരും ....നീ വിളിച്ച സ്വര്‍ഗത്തിലേക്ക്
നിനക്ക് കൂട്ടായി ഞാന്‍ വരും ............

നിഴല്‍

നിഴല്‍ 

നിഴലിനെ പേടിയാണെനിക്ക്
നിഴലൊരു ചതിയനാണ്
രാവിലെ
ശ്രിംഗരിക്കാന്‍ പിറകെ ക്കൂടും
ഉച്ചയോടെ കെട്ടിപ്പിടിച്ചു
കൂടെ ക്കിടക്കും
വൈകിയാല്‍ മൊഴി ചൊല്ലി
മുന്പിലോടും .....
രാത്രിയില്‍ ഒളിച്ചിരുന്ന് ഒറ്റുകൊടുക്കും
നിഴലിനെ സൂക്ഷിക്കുക
കാരണം
നിഴല്‍ നീ തന്നെയാണ് 
"

നിലാവെന്റെ തണലാണ്‌ ..........

"
നിലാവിനോടെനിക്ക് പ്രണയമാണ്
നിറ നിലാവെന്നു മൊരു കുളിരാണ്
കണ്ണിനെന്നുമൊരു വിരുന്നാണ്

അമ്മയുടെ നെഞ്ചിലുറങ്ങുന്ന കുഞ്ഞു നാളില്‍
കടും നിലാവൊരു മോഹ മാണ്....
തുമ്പിയുടെ പിറകെ പ്പറന്ന ബാല്യ കാലം
അമ്പിളിയുടെ കുളിര് പൂത്ത സ്വപ്നമാണ്
സ്വപ്നങ്ങളുടെ പെരുമഴക്കാലങ്ങളില്‍
നറു നിലാവെനിക്ക് കൂട്ടാണ്‌
ദുഖ:ങ്ങളുടെ വിങ്ങുന്ന യാമങ്ങളില്‍
ചെറു നിലാവെനിക്ക് മഴയാണ്
ഇരുള്‍ മൂടിയ പേരു വഴിപ്പാതകളില്‍
നിറ നിലാവെന്റെ വിളക്കാണ്

നിലാവൊഴിഞ്ഞ രാവുകളില്‍
ഊഴമിട്ടു വഞ്ചിച്ചവരോത്ത്‌ ചേര്‍ന്ന്
പൊലിഞ്ഞു പോയ സ്വപ്നങ്ങളെ
പെട്ടിയി ലടച്ചാണിവെച്ച്
സെമിത്തേരിയുടെ ആഴങ്ങളിലമര്‍ത്തിയാലും
എന്റെ നിലാവെന്നെ തേടിയെത്തും
എനിക്ക് കുളിരായി.....
എനിക്ക് തണലായി.....
വിങ്ങുന്ന സ്വപ്നങ്ങള്‍ക്ക് കൂട്ടായി.......
നിലാവെത്തും.....
നിലാവിനെന്നോട് പ്രണയമാണ്
നിലാവിനോടെനിക്കും പ്രണയമാണ്
നിലാവെന്റെ കൂട്ടാണ്‌
നിലാവെന്റെ തണലാണ്‌ ..........
"

പലര്‍ക്കായി പലപ്പോഴായി കുറിച്ച വാക്കുകള്‍

പലര്‍ക്കായി പലപ്പോഴായി കുറിച്ച വാക്കുകള്‍ 


----------------------------------------------------
എങ്കില്‍
എന്നെക്കുറിച്ചെഴുതാതിരിക്കുക
നീ പിടക്കുമ്പോള്‍
പിടയുന്നത്
എന്റെ ഹൃദയ മാണ്"

-------------------------------
വസന്തരാവില്‍ വിരുന്നു വന്നാല്‍
സുഗന്ധ പ്പൂവാലൊരു കിരീടം പണിയാന്‍
ഇലകള്‍ തളിര്‍പ്പിച്ച തണലാഴമേ...........
ഇനി എന്റെ നെഞ്ച് മൂടാനൊരു
ചെമ്പനനീര്‍ പൂവിന്റെ റീത്തൊരുക്കുക
കാരണം ഞാന്‍ മരിച്ചിരിക്കുന്നു"


-----------------------------------------------


ഒരു യാത്രക്കുള്ള ഒരുക്കത്തിലാണ്
കരിയറിന്റെ ഭാഗമായുള്ള തുടര്‍ പരിശീലനം
വെള്ളക്കാരന്‍ പഠിപ്പിച്ചാലേ
ചിട്ട കിട്ടൂ എന്ന് സ്ഥാപന മേധാവികള്‍ പറയുന്നു
നിഷേധിക്കാന്‍ എന്റെ കയ്യില്‍ തെളിവുകളില്ല
ഏതായാലും യാത്രയല്ലേ ,
ആസ്വദിക്കുക തന്നെ
മൂന്നു മാസത്തെ വഴിദൂരം
സ്നേഹിച്ചവരോടും കെറുവിച്ചവരോടും യാത്രചോടിക്കുന്നു
യാത്രക്കിടയില്‍
എവിടെയെങ്കിലും കണ്ടു മുട്ടിയാല്‍
ഒരു ചെറു ചിരിയും ആചാര വാക്കുകളും പൊതിഞ്ഞു നീട്ടുക

സ്നേഹത്തോടെ
സ്നേഹത്തിന്റെ പൂമരം
നാന്‍സി
"

---------------------------------------------------------------


തിരിഞ്ഞു നടക്കാന്‍ കഴിയാത്ത
യാത്ര തുടരുമ്പോള്‍
എന്‍റെ ശബ്ദത്തിനു
നിന്‍റെ പ്രതിധ്വനി ഇല്ലാതെ വരുമ്പോള്‍
നിന്‍റെ സൌരഭ്യം ഇല്ലാതെ,
ഈ ജീവിതം ജീവിക്കേണ്ടി വരുമ്പോള്‍
മരണത്തെക്കാള്‍ ക്രൂരമായി
നീ അകലെ മാറി നില്‍ക്കുമ്പോള്‍
ഞാന്‍ വിശ്വസിക്കണമോ " അത്രയ്ക്കിഷ്ടമായിരുന്നു," എന്ന നിന്‍റെ വാക്ക്?
"
-----------------------------------------------------------------------------
വരിയുടക്കപ്പെട്ട നിയമങ്ങളുള്ള
ഒരു നാട്ടില്‍
എല്ലാ അധിനിവേശങ്ങളും
ആദ്യം നോട്ടമിടുക
നിന്റെ കുഞ്ഞുങ്ങളെ യാണ് ......!!

വായുവില്‍ വിഷം പുരട്ടി
ജലാശയങ്ങളില്‍ ഇടിമുഴക്കം തീര്‍ത്ത്‌
തെളിനീരുരവകള്‍ കലക്കി മറിച്ച്
നിന്റെ സ്ത്രീകളെ
അവര്‍ ഭയപ്പെടുത്തും ....
"
----------------------------------------------------
"ഞാന്‍ എഴുതിയ കവിതകള്‍ 
എന്റെ കണ്ണീരിലലിഞ്ഞ വര്‍ണ്ണങ്ങളാണ് .. 
നോക്കൂ.. ഈ വര്‍ണ്ണങ്ങളില്‍ എന്‍റെ പ്രണയമുണ്ട് ..
ഈ അക്ഷര പൊട്ടുകളില്‍ എന്‍റെ മനസ്സുണ്ട്..
അവനു വേണ്ടി തുറന്നു വച്ചതാണീ 
ചോരക്കറ പുരണ്ട 
എന്‍റെയീ പുസ്തകം.."
-------------------------------------

നിന്റെ അഗ്നി അണഞ്ഞു പോയോ..?
അക്ഷരങ്ങളുടെ അരണി കടഞ്ഞു 
വാക്കുകളെ പുറത്തെടുത്ത്
അഗ്നിക്ക് കരുത്തു പകരൂ 
ആളി യാളി ക്കത്തട്ടെ 
കരാള കവിതയുടെ അട്ടഹാസം"


-------------------------------------------------

കാണാം നിനക്കിവരെ
സൂര്യ നെല്ലിയിലെ കടും വെളിച്ചത്തില്‍
കാണാം നിനക്കിവരെ

കവിയൂരിലെ വീ ഐ പി ക്കോളനികളില്‍
മൂന്നാറിന്റെ തണുപ്പില്‍
ഖദറിനെ പുതച്ചു, കരളു വിങ്ങി

കാക്കി കാവല്‍ നില്‍ക്കുന്ന വിളനിലങ്ങളില്‍
കാണാം നിനക്കിവരെ
തുടയിലൊലി ച്ചിറങ്ങുന്ന ചോര നീക്കി
ദുഷ്ട ബീജങ്ങള്‍ വടിച്ചു മാറ്റി

തുറിച്ച കണ്ണാല്‍ "ഉയരങ്ങള്‍" നോക്കി
ചീഞ്ഞ ശവങ്ങളായ്
കാണാം നിനക്കിവരെ.................
കണ്ടു കരയാം നിനക്കിവരെ .......!!!
----------------------------------------------------------------


നിറയെ സ്വപ്നങ്ങളും നൊമ്പരങ്ങളുമുള്ള
ഒരു ഹൃദയത്തെ
ഏതു മാപിനി വെച്ചാണ് നീ അളക്കുന്നത്
ഏതു കണക്കു വെച്ചാണ് നീ കൂട്ടി ഗുണിക്കുന്നത്
വില കണക്കാക്കാന്‍ പഠിക്കൂ
പുതിയ ഫോര്‍മുല നിന്നിലുണ്ടെങ്കില്‍
എന്നിട്ടാവാം
വിശ്വാസവും അവിശ്വാസവും വേര്‍തിരിക്കുന്നത്
എല്ലാ നന്മകളുടെയും പരിണിതി
നന്മ തന്നെയാവാന്‍ നിര്‍ബന്ധം പിടിക്കാന്‍
നമുക്കാവില്ല , ബട്ട്‌
മനസ്സില്‍ നന്മയുള്ളവര്‍ക്ക് സമാധാനം ലഭിക്കും 
-------------------------------------------------------------

പിടിവിട്ട പട്ടം അഹങ്കാരിയാണ്
കൂട്ടം തെറ്റിയ പക്ഷി ധിക്കാരിയും
തിരക്കിട്ട് പായുന്ന മേഘങ്ങള്‍
വന്ധ്യ മേഘങ്ങളാണ്
പിന്നെ പ്രണയത്തില്‍ "അകപ്പെട്ട"
യൌവനം
കുരുക്കഴിക്കാന്‍ പാട് പെട്ടോടുന്നു
ഇനി അരുണന്റെ യാത്ര
ഇരുട്ടിനെ പ്പേടിച്ചു
അവനു വേറെന്തു ചെയ്യാനാവും
-----------------------------------------------------


കടലിരമ്പുന്ന മനസ്സ് കാണാതെ
കനവു മൂടുന്ന മണല് കാണാതെ
തീരത്തെയുമ്മ വെക്കുന്ന സാഗരം തേടി
ഞാന്തിനലയണം ....
മായ്ക്കേണ്ടത് തീരത്തെഴുതുന്ന
വെറും വാകുകളല്ല
തീരം തകര്‍ത്തിരമ്പുന്ന മനസ്സിന്റെ
തേങ്ങുന്ന നൊമ്പരങ്ങളാണ്
സ്നേഹത്തിന്റെ മന്ദമാരുതനല്ലാതെ
ഏതു തിരകള്‍ക്കും തീരത്തിനുമാണ്
മണല് മൂടിയ സ്വപ്നങ്ങളെ
പുറത്തെടുക്കാനാവുക
------------------------------------------------------
അവന്‍ നടന്നത് പടിഞ്ഞാറ് നോക്കി
അവള്‍ നടന്നത് കിഴക്കോട്ടും
അകലം കൂടിയപ്പോള്‍ 
അവരിലൊരു വെളിച്ചം വിരുന്നു വന്നു 
കിഴക്ക് നിന്ന് സൂര്യനും 
പടിഞ്ഞാറ് ചന്ദ്രനും"
-------------------------------------------------------
നിന്‍ വേരിലൂടെയാണ് ഞാന്‍
എന്നസ്ഥിത്വം തിരിച്ചറിയുന്നത്‌..
നിന്‍റെ വാക്കുകള്‍ ചാലിച്ചാണ്
ജീവന് വര്‍ണ്ണം ചാര്‍ത്തുന്നത്..
-----------------------------------------------------
ദൈവം സമ്മാന മായൊരു ജന്മം തന്നു 
ആശ്വാസമായി മരണവും ...........
ഇതിനിടയില്‍ എന്നെ എന്നപോലെ 
തുടര്‍ച്ചയായി ദൈവത്തെയും 
നീ ചതിച്ചു കൊണ്ടിരിക്കുന്നു ...............!!!
--------------------------------------------------

"കലങ്ങിപ്പോയ ജീവിതം 
രണ്ടു വരിയി ലൊതുക്കാനാണ് 
ചടഞ്ഞിരുന്നത്
എഴുതി ത്തീര്‍ന്നപ്പോള്‍ 
ഒഴുകിപ്പോയ ജീവിതം 
നിറഞ്ഞു കലങ്ങിയ കണ്ണുകള്‍ കൊണ്ട് 
ഞാനെങ്ങിനെ വായിക്കാന്‍ ......?? !!"
------------------------------------------------
ഒരു വാക്ക്
ഇതില്‍ തീയില്ല
ഉള്ളത് ചൂട് തീര്‍ന്ന
തണുത്തുറഞ്ഞ കണ്ണീരു മാത്രം
ഇതില്‍ പകയില്ല
ഉള്ളത് കരളു പൊള്ളുന്ന
പരിഭവം മാത്രം
ഇതില്‍ വര്‍ഗ ശത്രുതയില്ല
ഉള്ളത് നഗ്ന സത്യങ്ങള്‍ മാത്രം
----------------------------------------------------------

മതിലുകള്‍

"
മനസ്സുകല്‍ക്കിടയില്‍
ഒരു മുറിവാണ്
മധുരക്കാഴ്ച്ചകളുടെ മേലൊരു
മറ വിരിക്കലാണ്

മതിലുകളുടെ അടിത്തറ
മനംപിരട്ടുന്ന വെറുപ്പാണ്
ചുമരുകള്‍ അടുക്കി വെച്ച അസൂയ
മുകളില്‍ തറച്ച ഇരുമ്പാണി
തുറിച്ചു നില്‍ക്കുന്ന കുടിലത
പുറത്തു പൂശിയ ചായങ്ങള്‍
ചിരി വിടര്‍ത്തുന്ന കാപട്യം

മതിലുകള്‍
ബന്ധങ്ങളുടെ മരിപ്പാണ്
സൌഹൃദങ്ങളുടെ മടക്കമാണ്
സത്യങ്ങളുടെ ഒടുക്കവും
ഓര്‍മകളില്‍ നിന്നുള്ള
തിരിഞ്ഞോട്ടവുമാണത്

മതിലുകള്‍
ഒരൊളിച്ചോട്ടമാണ്
അയലത്തെ
പുകയാത്ത അടുപ്പില്‍ നിന്ന്
അടങ്ങാത്ത തേങ്ങലില്‍ നിന്ന്
കനിവിന്റെ തീരങ്ങളില്‍ നിന്ന്
സ്വാര്‍ഥതയുടെ
വരണ്ട ഇരുട്ടിലേക്കുള്ള ഒളിച്ചോട്ടം

മതിലുകള്‍
ദുഷിച്ച മനസ്സുകകളുടെ
സുരക്ഷയാണ്
ഭിക്ഷ തേടുന്ന ചളുങ്ങിയ പാത്രങ്ങളില്‍ നിന്ന്
ഭക്ഷണം തേടുന്ന പൊരിഞ്ഞ വയറില്‍ നിന്ന്
രക്ഷ തേടുന്ന പെണ്‍കുട്ടിയുടെ
വിലാപങ്ങളില്‍ നിന്ന്

മതിലുകള്‍
ഒരു സന്തോഷമായത്
മകളുടെ ഒളിച്ചിരിക്കുന്ന കാമുകനാണ്
ഭാര്യക്ക് കൂട്ടിരിക്കുന്ന "സൌഹൃദ"ങ്ങള്‍ക്കും
തലപെരുത്തിരിക്കുന്ന മകന്റെ
ഒത്തുകിട്ടുന്ന രാക്കൂട്ടുകള്‍ക്കുമാണ്

മതിലുകള്‍ സമ്മാനിച്ചത്‌
ചിലന്തി വലയുടെ സുരക്ഷ
ശ്മാശാനങ്ങളുടെ ശാന്തത
ചിത്ത ഭ്രമത്തിന്റെ ആനന്ദം
ചിതല് തിന്ന സൗഹൃതം
ചീഞ്ഞുതീര്‍ന്ന ബന്ധങ്ങള്‍ .
"

കരള് പറയുന്നത്


കരള് കണ്ടിട്ടുണ്ടോ....?!
കനിവൂറുന്ന കരളുണ്ട്
കഥ പറയുന്ന കരളുണ്ട്
കടം കൊണ്ട കരളും
കല്ലു പോലുറച്ച കരളുമുണ്ട്

കനിവൂറുന്ന കരളായിരുന്നു
കുഞ്ഞു സ്വാതി കൊതിച്ചത്
കഥപറയുന്ന കരളായിരുന്നു
കൂട്ടായി വന്ന ലോകത്തിനു
കടം കൊണ്ട കരളായിരുന്നു
കത്രിചെടുത്ത കൈകള്‍ക്ക്
കല്ലുപോലുറച്ച കരളായിരുന്നു
കൂലി പറഞ്ഞു കലഹിച്ച
കോമാളി ദൈവത്തിനു

കുഞ്ഞു സ്വാതിയുടെ കരള്‍
ഇന്ന് വെറുമൊരു കരളല്ല
വറ്റാത്ത കരുണയുടെ
വിളിയാളമാണത്
അണയാത്ത അലിവിന്റെ
അടയാള മാണ്
സ്വപ്‌നങ്ങള്‍ പൂക്കുന്ന
സ്നേഹത്തിന്റെ കൂട്ടുകൃഷിയാണ്
അടങ്ങാത്ത ആര്‍ത്തി പേറുന്ന
അമ്മ ദൈവങ്ങളുടെ
അളിഞ്ഞ കരളിനെ
അടുത്തറിയിച്ച കരളു മാണത്


പിരമിഡുകള്‍


പിരമിഡുകള്‍
ഒരു പ്രതീക മാണ്
പാറക്കല്ലിനടിയില്‍
ദ്രവിച്ചു തീരുന്ന
അഹങ്കാരങ്ങളുടെ പ്രതീകം

പിരമിഡുകള്‍
ഒരു പ്രതികാരമാണ്
ക്രൂരത കിരീടമാക്കിയവന്റെ നെഞ്ചില്‍
പെരുത്ത കല്ലുകൊണ്ടിടിക്കുന്ന
പീഡിതന്റെ പ്രതികാരം

പിരമിഡുകള്‍
ഒരു വിഡ്ഢിത്തമാണ്
അടിമകളുടെ കണ്ണീരും ചോരയും
സമം ചേര്‍ത്ത്‌ കുഴച്ഛടുക്കിയ കല്ലുകള്‍
ആത്മാവിനു ശാന്തി നല്‍കുമെന്ന
കുടില വിഡ്ഢിത്തം
"

തെരുവു വിളക്ക്

"
തെരുവു വിളക്ക്
ഒരു അശ്ലീലമായാത്
പലിശക്കാരന്‍ വന്ന്
കുടിയിറക്കിയതില്‍ പിന്നെ
തെരുവിലുറങ്ങുമ്പോഴാണ്

തെരുവു വിളക്കൊരു വിലങ്ങായത്
എന്റെ പെണ്ണിനോടൊത്തൊന്നു
ശയിക്കാനിഴഞ്ഞപ്പോഴാണ്
ചുണ്ടിലൊരുമ്മ വീഴാതിരിക്കാന്‍
വിളക്കെന്നെ വിലങ്ങുവെച്ചു

തെരുവു വിളക്കൊരു ക്രൂരനായത്
രാവൊളിപ്പിച്ചതെല്ലാം
വലിച്ചു പുറത്തിട്ടപ്പോഴാണ്
എന്റെ നക്ഷത്രങ്ങളുടെ
വെളിച്ചം കെടുത്തി
നിലാവിന്റെ നിറം കളഞ്ഞു

തെരുവു വിളക്ക്
എനിക്കൊരു തേങ്ങലായത്
എന്റെ കുഞ്ഞിന്റെ
വറ്റില്ലാത്ത കഞ്ഞിയിലും
പാറ്റ വീഴ്ത്തിയപ്പോഴാണ്

തെരുവു വിളക്ക് എന്റെ ദുഖമാണ്
മറയില്ലാത്തവന്റെ മറയാണിരുട്ട്
തെരുവിലുറക്കം പോയവളുടെ
സ്വപ്നമാണിരുട്ട്

തെരുവു വിളക്കൊരശ്ലീലമാണ്
പുതപ്പില്ലാതെ
ചുരുണ്ടുറങ്ങുന്നവളുടെ
മാനത്തിലാണതിന്റെ നോട്ടം
എറിഞ്ഞുടക്കുക യീ
തെരുവിന്റെ ജാര സന്തതിയെ
വീടില്ലാത്തവന്‍ രാവിലിത്തിരി
സ്വപ്നങ്ങളറിയട്ടെ ...............
"

കണ്ണാടികള്‍


കണ്ണാടികള്‍
ആത്മ വഞ്ചനയുടെ പാഠശാലകളാണ്
മുന്നോട്ടു നോക്കുന്ന കണ്ണുകള്‍ക്ക്‌
പിന്നാമ്പുറം കാട്ടി നിന്നെ വഞ്ചിക്കുന്നു

കരിയുന്ന ഹൃദയത്തിന്റെ മുറിവ് കാണാതെ
കണ്ണില്‍ കുത്തി ചിരി പൊഴിക്കും
കളഞ്ഞു പോയ ബാല്യം പറയാതെ
യുവത്വം കാണിച്ചു കള്ളം പറയും

വരാനിരിക്കുന്ന നര വലിച്ചു പുറത്തിട്ട്
ഭാവി പറഞ്ഞ് ഭീതിപ്പെടുത്തും
ഇല്ലാത്ത "ഭാവി"യോര്‍ത്തു നീ വിയര്‍ക്കുമ്പോഴും
നരയെ കറുപ്പ് തേച്ചു വഞ്ചിക്കാന്‍
കണ്ണാടി നമ്മെ പഠിപ്പിക്കുന്നു

കുഴിഞ്ഞ കണ്ണിന്റെ കരുവാളിപ്പില്‍
ലേപനമൊഴിച്ച് മറച്ചുവെക്കാന്‍ ........
വിണ്ടു വിളറിയ ചുണ്ടുകള്‍
കടും ചായമിട്ട് മൂടിവെക്കാന്‍ .............
തലയില്‍ കെട്ടിവെച്ച ദാമ്പത്ത്യം
"എന്റെ പ്രാണനെന്നു"
സിന്ദൂരമിട്ടു കള്ളം പറയാന്‍ .......
എന്നെ പഠിപ്പിച്ചതും കണ്ണാടിയാണ് ......

കണ്ണാടിയില്ലെങ്കില്‍
നിനക്ക് നിന്നെ വഞ്ചിക്കാനാവില്ല
എന്നുമെന്ന പോലെ എന്നെയും ....!!!

കീഴാളര്‍ക്കു പ്രിയപ്പെട്ട " ചെ "......

"
അധികാരികളുടെ അഹന്തക്കു നേരെ
ഛെ ... എന്നോച്ച വെച്ചപ്പോഴാണ്
ഞാന്‍ ചെകുവേര യായത്‌
കീഴാളര്‍ക്കു പ്രിയപ്പെട്ട " ചെ "......

വിപ്ലവം ദാഹ മായപ്പോള്‍
സ്വപ്‌നങ്ങള്‍ ഭക്ഷണമായി
മോചനം അടുത്തു കണ്ടപ്പോള്‍
അടിമകള്‍ കൈതാങ്ങായി.....
അന്നും അകന്നു നിന്നവര്‍ ഒച്ച വെച്ചു
ഛെ.........!!

എന്നെ കൊല്ലാന്‍ തുനിഞ്ഞത്
അധികാരികള്‍
കൊന്നു തിന്നത് അധികാരം
അധികാരം നുരയുന്ന ലഹരിയായപ്പോള്‍
എന്നെ നോക്കി നീ പറഞ്ഞു......
ഛെ .......!!!

അടിയുടുപ്പിന്റെ അലങ്കാരങ്ങളില്‍
ബുദ്ധിമൂടുന്ന ചായത്തൊപ്പികളില്‍
ഞാനൊരശ്ലീല മായപ്പോള്‍
വിപ്ലവം മാര്‍ക്സിസ ത്തോട് പറഞ്ഞു
ഛെ...........!!!

മൂലധന ശക്തികള്‍ എന്നെ വരച്ച
ടീ ഷര്‍ട്ട്‌ കൊണ്ട് മറകെട്ടി
നിന്റെ നെഞ്ചില്‍ കേറി അപ്പിയിട്ടപ്പോള്‍
മൂക്ക് പൊത്തി ഞാന്‍ പറഞ്ഞു
ഛെ.........!!!

വിപ്ലവം ലോക ബാങ്കില്‍
പണയമായപ്പോള്‍
എന്റെ വാക്കും വരികളും
നിനക്ക് ഭാരമായപ്പോള്‍
പല്ലിറുമ്പി നീ പറഞ്ഞു
ഛെ........!!!

വിയര്‍പ്പു നിനക്കന്യ മായപ്പോള്‍
ചുളിയാത്ത കുപ്പായം
പോരാളിക്ക് അലങ്കാര മായപ്പോള്‍
നിന്റെ മുഖത്തു നോക്കി ഞാന്‍ പറഞ്ഞു
ഛെ............!!!

ഫോറിന്‍ സുഗന്ധത്തിന്റെ ഉന്മത്തതയില്‍
മങ്ങിയ വെളിച്ചമുള്ള തീന്‍ മേശകളില്‍
റിസോര്‍ട്ടില്‍ ചുട്ട പെണ്ണാടിന്റെ വെന്ത തുടകള്‍ക്കിടയില്‍
സ്വരുക്കൂട്ടിയ ഭൂമിയുടെ ആധാരങ്ങളില്‍
വിപ്ലവം പരതുന്ന നീ .....
എന്നെ നോക്കി പ്പറയുന്നു......ഛെ......!!!
ഞാന്‍ നിന്നെ നോക്കി പ്പറയുന്നു ...ഛെ...!!!
"

പൂച്ച ക്കണ്ണുകള്‍

"
പൂച്ച ക്കണ്ണുകള്‍
അവള്‍ക്കൊരു ഭാരമായിരുന്നു
കറുത്ത കണ്ണുകള്‍ക്കിടയില്‍
ഒരു നരച്ച കണ്ണ്

കരിമഷിയിട്ടാല്‍
കലങ്ങി ക്കിടക്കും
വെയിലു കൊണ്ടാല്‍
ഉരുകി പ്പരക്കും

പൂച്ച എന്ന വിളിപ്പേര്
പൂച്ച ക്കണ്ണിന്റെ വശപ്പിശക്
വെണ്ണീറു വിതറിയ കണ്‍ പീലികള്‍
കാറ്റൂതുമ്പോള്‍ ഒരു നീറ്റലായി

എന്നാലും
ഒരുത്തനവളെ ഇഷ്ട്ടമായി
പൂച്ച ക്കണ്ണിന്റെ നിറവിലും നരയിലും
അവന്‍ കണ്ണ് വെച്ചു

പിന്നീടാണറിഞ്ഞത്
അവനും ഒരു പൂച്ചയായിരുന്നു
ഇര തേടി നടക്കുന്ന
ഒരു കാടന്‍ പൂച്ച ......
"

വെന്ത ആട്ടിന്‍കുട്ടി

"
വീട്ടില്‍ തീന്മേശയിലെ
രുചി കെട്ടപ്പോഴാണ്
വാടകക്കെടുത്ത റിസോര്‍ട്ടില്‍
ആട്ടിന്‍കുട്ടിയെ മലര്‍ത്തിച്ചുട്ടത്‌

വയസ്സറിയിക്കാത്ത
അകിട് തെളിയാത്ത
പെണ്ണാടിന്‍ കുട്ടിക്ക്
ഉടല് കരിയുന്ന ചൂട്

വെന്ത തുട വിടര്‍ത്തി
ഉപ്പു പരതുമ്പോഴാണ്
കണ്ണീരൊഴിച്ചവള്‍
ഉപ്പൊരുക്കിയത്

കനല് തട്ടി ക്കരിഞ്ഞ
കുടലി ലിത്തിരി എരിവു കിട്ടാന്‍
നീറ്റലടങ്ങാത്ത ഏങ്ങല്‍
പാതിവഴിയില്‍ പൊട്ടിയൊലിച്ചു

ആര്‍ത്തി കെട്ട കത്തിയും മുള്ളും
വായില്‍ പുരണ്ട അമ്ലരസം
കഴുകാതെ നുണഞ്ഞിറക്കി
അഴിഞ്ഞ തുണി വിരിച്ചു മയങ്ങി

വെന്ത ആട്ടിന്‍കുട്ടിയുടെ
വീര്‍ത്ത വയറിനായി
റിസോര്‍ട്ടിനു പുറത്ത്
ചെന്നായ്ക്കള്‍ കാവലുണ്ടായിരുന്നു
"

സെമിത്തേരികള്‍

"
സെമിത്തേരികള്‍ ഓര്‍മിപ്പിക്കുന്നത്‌
ജീവിതത്തിന്റെ പൊലിമയാണ്

ശവപ്പെട്ടിയുടെ മേന്മ കൊണ്ട്.........
മാര്‍ബിള്‍ തറയുടെ തിളക്കം കൊണ്ട്
കുരിശിന്റെ സമൃദ്ധി കൊണ്ട്
കല്ലില്‍ കൊത്തിവെച്ച
തറവാടിന്റെ പെരുമ കൊണ്ട് ......

സെമിത്തേരികള്‍ ഓര്‍മിപ്പിക്കുന്നത്‌
കാപട്യം നിറച്ച പൊലിമ യാണ്
ദുര മൂത്ത മക്കളുടെ
ചീഞ്ഞളിഞ്ഞ ജീവിതത്തിന്റെ
നുരുമ്പി ത്തുടങ്ങിയ പൊലിമ.............
"