2012, ജൂലൈ 17, ചൊവ്വാഴ്ച

കീഴാളര്‍ക്കു പ്രിയപ്പെട്ട " ചെ "......

"
അധികാരികളുടെ അഹന്തക്കു നേരെ
ഛെ ... എന്നോച്ച വെച്ചപ്പോഴാണ്
ഞാന്‍ ചെകുവേര യായത്‌
കീഴാളര്‍ക്കു പ്രിയപ്പെട്ട " ചെ "......

വിപ്ലവം ദാഹ മായപ്പോള്‍
സ്വപ്‌നങ്ങള്‍ ഭക്ഷണമായി
മോചനം അടുത്തു കണ്ടപ്പോള്‍
അടിമകള്‍ കൈതാങ്ങായി.....
അന്നും അകന്നു നിന്നവര്‍ ഒച്ച വെച്ചു
ഛെ.........!!

എന്നെ കൊല്ലാന്‍ തുനിഞ്ഞത്
അധികാരികള്‍
കൊന്നു തിന്നത് അധികാരം
അധികാരം നുരയുന്ന ലഹരിയായപ്പോള്‍
എന്നെ നോക്കി നീ പറഞ്ഞു......
ഛെ .......!!!

അടിയുടുപ്പിന്റെ അലങ്കാരങ്ങളില്‍
ബുദ്ധിമൂടുന്ന ചായത്തൊപ്പികളില്‍
ഞാനൊരശ്ലീല മായപ്പോള്‍
വിപ്ലവം മാര്‍ക്സിസ ത്തോട് പറഞ്ഞു
ഛെ...........!!!

മൂലധന ശക്തികള്‍ എന്നെ വരച്ച
ടീ ഷര്‍ട്ട്‌ കൊണ്ട് മറകെട്ടി
നിന്റെ നെഞ്ചില്‍ കേറി അപ്പിയിട്ടപ്പോള്‍
മൂക്ക് പൊത്തി ഞാന്‍ പറഞ്ഞു
ഛെ.........!!!

വിപ്ലവം ലോക ബാങ്കില്‍
പണയമായപ്പോള്‍
എന്റെ വാക്കും വരികളും
നിനക്ക് ഭാരമായപ്പോള്‍
പല്ലിറുമ്പി നീ പറഞ്ഞു
ഛെ........!!!

വിയര്‍പ്പു നിനക്കന്യ മായപ്പോള്‍
ചുളിയാത്ത കുപ്പായം
പോരാളിക്ക് അലങ്കാര മായപ്പോള്‍
നിന്റെ മുഖത്തു നോക്കി ഞാന്‍ പറഞ്ഞു
ഛെ............!!!

ഫോറിന്‍ സുഗന്ധത്തിന്റെ ഉന്മത്തതയില്‍
മങ്ങിയ വെളിച്ചമുള്ള തീന്‍ മേശകളില്‍
റിസോര്‍ട്ടില്‍ ചുട്ട പെണ്ണാടിന്റെ വെന്ത തുടകള്‍ക്കിടയില്‍
സ്വരുക്കൂട്ടിയ ഭൂമിയുടെ ആധാരങ്ങളില്‍
വിപ്ലവം പരതുന്ന നീ .....
എന്നെ നോക്കി പ്പറയുന്നു......ഛെ......!!!
ഞാന്‍ നിന്നെ നോക്കി പ്പറയുന്നു ...ഛെ...!!!
"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ