2012, ജൂലൈ 20, വെള്ളിയാഴ്‌ച

സംഭാരം


സംഭാരം തണുപ്പിച്ചത്‌
ഹൃദയത്തിന്റെ നോവായിരുന്നു
വെളുപ്പില്‍ തെളിഞ്ഞത്
കരുണയുടെ സത്യങ്ങള്‍
പുളിപ്പില്‍ നുണഞ്ഞത്
കാത്തുവെച്ച സൗഹൃദം

നന്മയുടെ മണ്‍കുടങ്ങളില്‍
ഒതുക്കത്തില്‍ ഒളിപ്പിച്ച ഓര്‍മ ക്കൂട്ട്
ബാല്യത്തിനെരിവ് പകര്‍ന്ന
കാന്താരിക്കു കൂട്ടായി കല്ലുപ്പിന്റെ നനവ്‌
ടവറുകള്‍ കരിക്കാതെ ഭാക്കിവെച്ച
ഓര്‍മകളുടെ സുഗന്ധത്തിനൊരു കറിവേപ്പില

പതുക്കെ നാവിലലിയുമ്പോള്‍
രസ മുകുളങ്ങളില്‍ ആഘോഷം
ഹൃദയത്തിലൊരു നറു നിലാവ്
ചിന്തകളില്‍ കാലത്തിന്റെ കുത്തൊഴുക്ക്

കുത്തിയുടച്ച മണ്‍കുടത്തിന്റെ
മൂട് ചുരണ്ടിയ കറുപ്പാണ്
കുപ്പിയില്‍ പതപ്പിച്ച
കോളക്ക് കരുത്തായത്
ഓര്‍മകളില്‍ കണ്ണീരൊഴിച്ച്
സംഭാരം മല കയറിപ്പോയി

സംഭാരത്തിന്റെ വെളുപ്പും
കോളകളുടെ കടും കറുപ്പും
സംസ്കാരങ്ങളുടെ നിറ ഭേദങ്ങളാണ്
കരുണയുടെ വെളുപ്പും
ആര്‍ത്തിയുടെ കറുപ്പും
വഴി പിരിയുന്ന നിറ ക്കൂട്ടുകള്‍

സംഭാരത്തിന്റെ പുളിപ്പും
കോളയുടെ ചവര്‍പ്പും
സൌഹൃദത്തോടുള്ള സമീപനമാണ്
നുണഞ്ഞിറക്കിയ സൌഹൃദങ്ങള്‍
ചവര്‍പ്പ് നുണയുന്ന
സായാഹ്നങ്ങളോട് തര്‍ക്കിക്കുമ്പോള്‍
ബന്ധങ്ങളില്‍ തുരുമ്പ് കയറുന്നു

സംഭാരം ഓര്‍മകളുടെ നിലാവാണ്‌
നുരയാത്ത സന്തോഷങ്ങള്‍ക്ക്‌
പതയാതെ കുളിര് പാരുന്ന
മുത്തശ്ശിയുടെ ചിരിയാണത്
"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ