സമാവറില്‍ വെട്ടിത്തിളച്ച കട്ടന്‍ചായയില്‍
മദാമ്മ തന്ന പാലൊഴിച്ചപ്പോഴാണ്
വിപ്ലവത്തിന്റെ കടും ചുവപ്പില്‍
'ക്യാപ്പിറ്റല്‍ പണിഷ്മെന്റി' ന്റെ
വരണ്ട നര പടര്‍ന്നത്
ഉതിര്‍ത്തി ക്കുഴച്ചു പതം വരുത്തിയ
എണ്ണ കുടിച്ചു ചുവന്ന പരിപ്പുവടകളില്‍
പച്ചയുണങ്ങാതെ മുഴച്ചു നിന്ന
'കറിവേപ്പില'കളും വില പേശിയപ്പോഴാണ്
വിപ്ലവത്തിന്റെ മണം കെട്ടുപോയത്
സ്വരുക്കൂട്ടിയ 'മൂലധന' ത്തിന്റെ സുരക്ഷയോര്‍ത്ത്
വിപ്ലവം സ്വിസ് ബാങ്കില്‍ പോയപ്പോഴാണ്
അസ്ഥിത്തറകളില്‍ പൂജക്ക് വെച്ച
കൊടിമരങ്ങളില്‍ കണ്ണീരു പെയ്തതും
വിപ്ലവം നുരുമ്പിത്തുടങ്ങിയതും
'പൂജയെടുപ്പിന്റെ' ആരവങ്ങള്‍ക്കിടയിലും
ഒളിച്ചിരിക്കുന്ന തേങ്ങലുകള്‍ കേള്‍ക്കാതെ
കൊടിമരത്തില്‍ ചോരപൂശി ചന്തം വരുത്താന്‍
ക്വട്ടേഷന്‍ എല്‍പ്പിച്ചപ്പോഴാണ്
വിപ്ലവം "വിദേശ കാറില്‍ " സ്ഥലം വിട്ടത്
ചുളിയാത്ത 'ബ്രാന്റഡ്' ഷര്‍ട്ടുകള്‍ക്കും
കൊളസ്ട്രോളില്‍ ചീര്‍ത്ത യുവത്വത്തിനും
'റിയല്‍ എസ്റ്റെറ്റിന്റെ ' തിരക്കിനിടയിലും
വിയര്‍പ്പ് അലര്‍ജി യായപ്പോഴാണ്
വിപ്ലവം 'ഇവന്റുമാനേജുമെന്റു' കള്‍ ഏറ്റെടുത്തത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ