2012, ജൂലൈ 17, ചൊവ്വാഴ്ച

കരിമ്പൂച്ച


നിങ്ങള്‍ കരിമ്പൂച്ച കരയുന്നത് കേട്ടിട്ടുണ്ടോ...
പുറം പോക്കിലെറിയപ്പെട്ടവന്റെ
കരളു നീറ്റുന്ന നേര്‍ത്ത വിലാപം പോലെ.......
കണ്ണിലെ വെളിച്ചം ചോര്‍ന്നുപോയ
അന്ധന്റെ കലങ്ങിയ രോദനം പോലെ.......
ഊരയില്‍ കുരുക്ക്‌ വീണ
അര്‍ത്ഥങ്ങളേ റെയുള്ളൊരു വിങ്ങുന്ന നൊമ്പരമാണത് .....

' ശകുനം മുടക്കി ' എന്ന വിളിപ്പേര് കേട്ടാണ്
ഞാന്‍ പിറന്നു വീണത്‌
കറു കറുത്തോരിരുട്ടിലാണെന്റെ വളര്‍ച്ച
തട്ടിന്‍ പുറത്തൊളിച്ച എലികളാണെന്നെ പോറ്റിയത്
എന്റെ കണ്ണുകള്‍ മാത്രമാണ്
ലോകത്തോടെന്നെ വിളിച്ചു പറഞ്ഞത്

കടം വാങ്ങിയ പൂണൂലിട്ട്
സായ്പ്പാവാന്‍ പോയ മുത്തച്ഛനാണ്
എന്റെ തലമുറയെ കുരുക്കിലെത്തിച്ചത്
കുത്തക ക്കമ്പനി നീട്ടിപ്പിടിച്ച
"ഒന്‍പതില്‍" പോയി തലയിട്ടത്
മുത്തച്ഛന്റെ ആര്‍ത്തിയായിരുന്നല്ലോ -
ഉണക്ക മീന്‍ വായ്പ കിട്ടും എന്ന് കേട്ടാണെങ്കിലും

കണ്ണിലെ വെളിച്ചം ചോര്‍ത്തിയെടുത്ത്‌
ഉണക്ക മീനിന്റെ പലിശയായി
പച്ചമീന്‍ ചോദിച്ചപ്പോഴാണ്
ഒപ്പുകളൊരു കുരുക്കാണെന്നറിഞ്ഞത് ,
ഒന്പതൊരു ദുശ്ശകുനമായത്
കടം വീട്ടാനാവാതെ
"ശകുനം മുടക്കി " എന്ന വിളി കേട്ടപ്പോഴും ....

ഇനി മുന്നോട്ടു പോവാന്‍ വയ്യ
കണ്ണിലെ വെളിച്ചമവര്‍ 'മുതലാ'യെടുത്തു
പിന്നോട്ട് പോവാനും വയ്യ
വന്ന വഴിയില്‍ പലിശയുടെ വന്മതിലുയര്‍ന്നു

ഇന്നുഞാന്‍
ഊരയില്‍ കുരുക്ക്‌ വീണ കരിമ്പൂച്ച...
കാഴ്ച്ചക്കാര്‍ക്കൊരു ദുശ്ശകുനമായി
കമ്പനിക്കൊരു മുതല്‍ കൂട്ടായി
വെളിച്ചം തടയപ്പെട്ട്
ശകുനം മുടങ്ങിയ ജീവിതം ...........
"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ