2012, ജൂലൈ 21, ശനിയാഴ്‌ച

"ഭൂമിക്കു പറയാനുള്ളത് ....

"
ഭൂമിക്കു പറയാനുള്ളത് ....
("മഹി" എന്ന കുട്ടിയെ കുഴല്‍ കിണറില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ സമൂഹത്തോട് )
--------------------------
ഉള്ളില്‍ തളിര്‍ക്കുന്ന
ജീവന്റെ ദാഹംതീര്‍ക്കാന്‍
ഞാന്‍ ഒളിപ്പിച്ച നീരും നനവും
ആര്‍ത്തി മൂത്ത യന്ത്രക്കയ്യാല്‍
എന്റെ പൊക്കിള്‍ തുരന്ന്
ഊറ്റി യെടുത്തപ്പോഴില്ലാത്ത
നിന്റെ വേദന ,

എന്റെ ചോര നിന്റെ ധൂര്‍ത്തിനു
തികയാതെ വന്നപ്പോള്‍
തുരന്ന് താഴ്ത്തിയ മുറിവില്‍
ഇത്തിരി പഞ്ഞിപോലും വെക്കാതെ
തിരിഞ്ഞു നടന്നപ്പോഴില്ലാത്ത കനിവ് ,

ഇപ്പോള്‍ നീ പുലമ്പുന്ന വായ്ത്താരികള്‍
"മഹി" യോടുള്ള സ്നേഹമല്ല
നിന്റെ ആര്‍ത്തി മൂടിവെക്കാനുള്ള
വെറും കാപട്യമാണ്
നിന്റെ ദുര യൊളിപ്പിക്കാനുള്ള
പുതിയ 'കുഴല്‍ കിണര്‍ '

നീ തുരന്ന ആര്‍ത്തിയുടെ
കുഴിയിലാണവള്‍ വീണത്
നീ കുടിച്ച ഇളം കുഞ്ഞിന്റെ
ചോരയാണവള്‍ വാര്‍ത്തത്
ഇനിയും ബാക്കി നില്‍ക്കുന്ന
നിന്റെ ആര്‍ത്തി പേടിച്ചാണവള്‍
ജീവനും കൊണ്ടോടി യൊളിച്ചത്
"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ