നീ കുടി പാര്‍ക്കുന്ന മൌനം ....
ഭീരുവിന്റെ ഒളിത്താവളമാണ്
കഴിവ് കേടിന്റെ കൈ മലര്ത്തല്‍
കാര്യ പ്രാപ്തിയില്ലാത്തവന്റെ നിസ്സഹായത
ശത്രു വൊരുക്കിയ കുരുക്കില്‍ കുടുങ്ങി
കരയാന്‍ കഴിയാത്തവന്റെ മൌനം
വെട്ടി വീഴ്ത്തിയ സത്യങ്ങള്‍ക്ക് മുന്‍പില്‍
വെടി വെച്ചോതുക്കിയ 'വിപ്ലവം' കണ്ട്
ചവിട്ടി ത്താഴ്ത്തിയ ധര്‍മത്തിനരികെ
നീ പാലിച്ച മൌനം ....
നിന്നിലൊളിപ്പിച്ച ചെളിക്കുണ്ടായിരുന്നു
വിശന്ന കുഞ്ഞിന്റെ തേങ്ങലറിഞ്ഞിട്ട്
വിടര്‍ന്ന പെണ്ണിന്റെ രോദനം കേട്ടിട്ട്
വിലാസ മില്ലാത്തവരുടെ വേദന കണ്ടിട്ടും
നീ സൂക്ഷിച്ച മൌനം ......
നീ ഒളിപ്പിച്ച കാപട്യ മായിരുന്നു
ശത്രുവിന്റെ ശബ്ദ ഘോഷം കേട്ട്
ശതാബ്ദങ്ങളുടെ ചരിത്രം മറന്ന്
ശബ്ദ മില്ലാത്തവന്റെ വേദനയറിയാതെ
നിന്നെ ഒളിപ്പിച്ച മൌനം ...........
നിനക്കായി പ്പണിത ശവക്കുഴിയായിരുന്നു
അധിനിവേശം വിരിച്ച വലക്കു മുന്‍പില്‍
ആരാച്ചാറൊരുക്കിയ കുരുക്കിനടിയില്‍
അര്‍ത്ഥ മറിയാത്ത ഭക്തി ഗീതംകേട്ട്
ആചാരം തെറ്റാതെ നീ കാത്ത മൌനം ......
നീ പേറുന്ന അടിമത്വമായിരുന്നു
ഇനിയെങ്കിലും നീ ഒച്ച വെക്കുക
ഒതുക്ക പ്പെടുന്നവര്‍ക്ക് വേണ്ടി
ഇന്നെങ്കിലും നീ ഓര്‍മ പ്പെടുത്തുക
ഒടുങ്ങി ത്തീരാത്തവര്‍ക്ക് വേണ്ടി
ഇനിയെങ്കിലും നീ ഓര്‍ത്തു വെക്കുക
ഒളിക്കാന്‍ ഇടമില്ലാത്ത നാടും
ഓടാന്‍ വഴിയില്ലാത്ത നാളും.........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ